നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി: കണ്ണന്താനം ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി

single-img
3 September 2017

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ക്യാബിനറ്റ് പദവി ലഭിച്ച നിര്‍മ്മലാ സീതാരാമന്‍ പ്രതിരോധ മന്ത്രിയാകും. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പിന്റെ ചുമതലയിലേക്കെത്തുന്ന വനിതയാണ് നിര്‍മ്മല സീതാരാമന്‍.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അധിക ചുമതലയായാണ് പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായാണ് പ്രതിരോധ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് ഒരു വനിതയെ നിയോഗിക്കുന്നത്. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇവര്‍ക്ക്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാവും. ഇലക്ട്രോണിക്‌സ്, ഐ.ടി സഹമന്ത്രി സ്ഥാനവും കണ്ണന്താനത്തിന് ലഭിക്കും. ഊര്‍ജമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയലാണ് പുതിയ റെയില്‍വേ മന്ത്രി. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.