‘നോട്ടുനിരോധനത്തില്‍ മോദി സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളങ്ങള്‍’: ‘രഘുറാം രാജന്റെ വാക്കും കേട്ടില്ല’

single-img
3 September 2017

നോട്ടുനിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനിച്ച ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലത്തെ വിവിധ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കൃതിയിലാണ് നോട്ട് നിരോധനത്തിനെതിരെ രഘുറാം രാജന്‍ ആഞ്ഞടിച്ചിരിക്കുന്നത്.

നോട്ട് നിരോധിക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഭാവിയില്‍ ഗുണമുണ്ടാക്കിയാലും തത്സമയമുണ്ടാക്കുന്ന പ്രതിസന്ധിയെ വെച്ച് തട്ടിച്ച് നോക്കുമ്പോള്‍ അതില്‍ കാര്യമില്ലെന്ന് അറിയിച്ചിരുന്നു. പ്രധാന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മറ്റ് മാര്‍ഗങ്ങളുണ്ടെന്ന് തന്നെയാണ് തനിക്ക് തോന്നിയതെന്നും രഘുറാം രാജന്‍ പറയുന്നു. അഭിപ്രായം അറിയിച്ചിരുന്നെങ്കിലും നോട്ട് പിന്‍വലിക്കുന്നതിനെ കുറിച്ച് കുറിപ്പ് തയാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഇതനുസരിച്ച് സമര്‍പ്പിച്ച കുറിപ്പ് പിന്നീട് പ്രത്യേകം നിയോഗിക്കപ്പെട്ട സമിതിയാണ് പരിഗണിച്ചത്.

നോട്ട് നിരോധനം കൊണ്ടുണ്ടാകുന്ന എല്ലാ നേട്ടങ്ങളും മറ്റ് വഴിയിലൂടെ നേടാമെന്ന് ഈ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന് ആവശ്യമായ ഒരുക്കള്‍ സമയമെടുത്ത് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യത്തിന് ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സംഭവിക്കാവുന്ന ദോഷങ്ങളും മുന്നറിയിപ്പായി നല്‍കിയിരുന്നു. താന്‍ ഗവര്‍ണറായിരുന്ന സമയത്തൊന്നും നോട്ട് പിന്‍വലിക്കുന്നതിനെ കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. നവംമ്പര്‍ 8നും മാസങ്ങള്‍ക്ക് മുമ്പ് തന്നെ നോട്ട് നിരോധനത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന കേന്ദ്ര വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മൂന്നിന് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ഇറങ്ങിയശേഷം ആദ്യമായാണ് നോട്ടുനിരോധനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ നോട്ടുനിരോധനം പരാജയമാണെന്ന് സൂചിപ്പിക്കുന്ന ആര്‍.ബി.ഐ വിവരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. നിരോധിച്ച 1000ത്തിന്റെയും 500ന്റെയും നോട്ടുകളില്‍ 99%വും തിരിച്ചെത്തിയിരുന്നു. കൂടാതെ ഈ വര്‍ഷം ഏഴില്‍ നിന്നും 5.7% ആയി കൂപ്പുകുത്തുകയും ചെയ്തിരുന്നു.