ഇ-മെയിലുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക: പുതിയ വൈറസ് കംപ്യൂട്ടറുകളെ ലോക്കാക്കും

single-img
3 September 2017

ന്യൂഡല്‍ഹി: കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ഈമെയിലുകളിലെ അറ്റാച്ച്‌മെന്റുകള്‍ വഴി പടരുന്ന ‘ലോക്കി’ (locky) എന്ന റാന്‍സംവെയറിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. സ്പാം മെയിലുകളായാണു വൈറസ് എത്തുന്നത്.

മെയില്‍ തുറന്നാലുടന്‍ ഇതു കംപ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാനാകൂ. ഒന്നരലക്ഷം രൂപവരെ പ്രതിഫലമായി ഈടാക്കുന്നുണ്ടെന്നാണു വിവരം. ലോക്കി വൈറസ് അടങ്ങുന്ന 2.3 കോടി ഇമെയിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

സിപ്പ് (zip) ഫോര്‍മാറ്റില്‍ കംപ്രസ് ചെയ്ത അറ്റാച്ച്‌മെന്റ് ഫയലുകളാണ് ഇമെയിലുകള്‍ക്കൊപ്പം ഉണ്ടാവുക. ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ഇത്തരം ഫയലുകള്‍ തുറക്കാനാവൂ. അതിന് വേണ്ടിയാണ് സിപ്പ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ അയക്കുന്നത്. 1.5 ലക്ഷം രൂപ വരെയാണ് ബിറ്റ് കോയിന്‍ ആയി ഈ റാന്‍സംവെയര്‍ ആവശ്യപ്പെടുന്നത്. നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.