‘ഖത്തര്‍ പ്രതിസന്ധി’ പരിഹരിക്കാനുള്ള ശ്രമവുമായി കുവൈറ്റ് അമീര്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണും

single-img
3 September 2017

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അസ്സബാഹ് ഈ മാസം ഏഴിന് കൂടിക്കാഴ്ച നടത്തും. ഖത്തറുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിസന്ധി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറുമായി ബന്ധപ്പെട്ട നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ സൗദിയിലെ സല്‍മാന്‍ രാജാവിനോട് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് അമീര്‍ ട്രംപുമായി കൂടിക്കാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. കൂടിക്കാഴ്ചക്കായി അമീര്‍ അമേരിക്കയിലേക്ക് തിരിച്ചു.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിച്ച രാഷ്ട്രത്തലവനാണ് കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്.

കുവൈത്ത് നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അമീറിനെ അനുഗമിക്കുന്നുണ്ട്. അമീരി ഓഫീസ് മേധാവി അഹ്മദ് അല്‍ ഫഹദ്, അമീരി ദീവാന്‍ ഉദ്യോഗസ്ഥരായ മുഹമ്മദ് അബുല്‍ ഹസന്‍, ശൈഖ് ഖാലിദ് അല്‍ അബ്ദുല്ല അസ്സബാഹ്, യൂസുഫ് അല്‍ റൂമി തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ട്.