‘ദൈവം ഇപ്പോള്‍ പുല്ലുപറിക്കുകയാണ്’: 40 രൂപ ദിവസക്കൂലിയില്‍ ജയിലിലെ പുല്ലുപറിച്ച് ഗുര്‍മീത്

single-img
3 September 2017

ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗര്‍മീത് റാം റഹീം ഇപ്പോള്‍ ജയിലില്‍ പൂന്തോട്ടക്കാരന്റെ ജോലിയിലാണ്. ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പുല്ലും കളയും പറിക്കുന്ന ജോലിയാണ് ഗുര്‍മീതിന് ലഭിച്ചത്. 40 രൂപ ദിവസക്കൂലിയും ലഭിക്കും.

അകമ്പടിക്കാരായി കുതിരപ്പടയാളികളും 170 വാഹനങ്ങളും ഉള്ള ഗുര്‍മീതിന് ത്‌ന്റെ വ്യാപിച്ചു കിടക്കുന്ന 700 ഏക്കറില്‍ ഒരു പുല്‍ക്കൊടി പോലും ഇതുവരെ പിഴുതു മാറ്റേണ്ടി വന്നിട്ടില്ല. എന്നാല്‍ സ്വര്‍ഗ്ഗീയ സുഖത്തില്‍ നിന്നും റോഹ്ത്തക്കിലെ സുനാരിയ ജയിലിന്റെ കാഠിന്യവുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും ജയില്‍ കാന്റീനില്‍ നിന്നും കൊണ്ടുവന്ന മിനറല്‍ വാട്ടറാണ് ഗൂര്‍മീത് ഇപ്പോഴും കുടിക്കുന്നത്.

തന്റെ ആശ്രമത്തില്‍ സര്‍വ്വ സുഖങ്ങളോടെയും കഴിഞ്ഞിരുന്ന ആള്‍ദൈവം 64 ചതുരശ്ര അടിമാത്രം വിസ്തീര്‍ണ്ണമുള്ള ജയില്‍ മുറിയില്‍ ചുവരുകളോട് കഥ പറഞ്ഞാണ് സമയം കളയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും ജയിലിനുള്ളില്‍ പാര്‍പ്പിക്കണമെന്ന അപേക്ഷ നല്‍കിയിരുന്ന ഗുര്‍മീതിന് സഹായികളായി രണ്ടു പേരെ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം തടവു പൂര്‍ത്തിയാക്കിയ തടവുകാരെയാണ് സഹായികളായി നല്‍കിയിരിക്കുന്നത്.

ദേരാ തലവന് ഭക്ഷണം കുറച്ചു മതിയെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നെഞ്ചു വേദന, രക്തസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞതോടെ ജയില്‍ ഭക്ഷണത്തോടൊപ്പം പഴങ്ങളും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഗുര്‍മീത് ജയിലില്‍ മറ്റു തടവുകാര്‍ക്ക് കൗതുകമാണെന്നാണ് സുനാരിയ ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട്.