ഹാദിയ : സംഘപരിവാറിന്റെ ആടുമേയ്ക്കലും മറകൾക്കു പിന്നിലെ ചില ഒളിയജണ്ടകളും

single-img
2 September 2017

രശ്മി ആർ നായർ

ഹിന്ദു സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കി അതില്‍ രക്ഷകന്റെ റോളില്‍ സ്വയം അവരോധിച്ചാണ് സംഘപരിവാര്‍ എന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്‌ . ആ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടി ഗീബല്‍സിയന്‍ നുണ പ്രചാരണങ്ങളും മുസ്ലീം എന്ന സാങ്കല്‍പ്പിക ശത്രുവിനെ സൃഷ്ടിക്കലിലും തുടങ്ങി ആയിരങ്ങളെ കൊന്നൊടുക്കിയ വര്‍ഗീയ കലാപങ്ങള്‍ വരെ സ്പോൺസര്‍ ചെയ്തു നടത്തിയ ചരിത്രമാണ് സംഘപരിവാറിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രം. കേരളത്തിലെ ശക്തമായ ഇടതുപക്ഷ അടിത്തറയുള്ള ഹിന്ദു സമുദായം മറ്റിടങ്ങളില്‍ നിന്നും വത്യസ്ഥമായി ഇത്തരം പ്രചരണങ്ങളില്‍ പരിവാറിനു മുന്നില്‍ കടുത്ത വെല്ലുവിളിയായിരുന്നു.

കേരളത്തിലെ സംഘപരിവാര്‍ വളര്‍ച്ചക്ക് തടയിട്ടതിന്റെ സാമുദായികമായ കാരണം അതുമാത്രമല്ല- സംഘടിതമായ ദളിത്‌ വിഭാഗവും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി സെക്കുലര്‍ ആയ മുസ്ലീം സമുദായവും, അധികാര വര്‍ഗം കൂടിയായ മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികളും അതില്‍ നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്‌ . അടുത്തകാലത്തായി ഏതാണ്ട് ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ മുസ്ലീം സമുദായത്തില്‍ പ്രചരിച്ചുവരുന്ന സങ്കുചിത മതചിന്തകളും അതിന്റെ പ്രകടമായ ചിഹ്നങ്ങളും  ഒക്കെ ആ സെക്കുലര്‍ മുസ്ലീം സമൂഹത്തിന്റെ ശക്തി ക്ഷയിപ്പിച്ചു തുടങ്ങിയിരുന്നു . തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലീം സമുദായത്തിന് മേല്‍ചെറുതായെങ്കിലും നേടി തുടങ്ങിയ സ്വാധീനമാണ് ഈ ചെറുത്തുനില്‍പ്പിന്റെ ശക്തി കുറയ്ക്കുന്നത്. ചുരുക്കത്തില്‍ സംഘപരിവാറിനു കേരളത്തില്‍ ഇടതുപക്ഷത്തെ മാറ്റി നിര്‍ത്തി മുസ്ലീം എന്ന സാങ്കല്‍പ്പിക ശത്രുവിനെ സൃഷ്ടിക്കാനും ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വ്യാജമായി സൃഷ്ടിക്കാനും തീവ്രവലതുപക്ഷ മുസ്ലീം സംഘടനകള്‍ വളരേണ്ടത് ആവശ്യമാണ് . പരസ്പര പൂരകം ആയിരിക്കും ഇരു പക്ഷത്തെയും വളര്‍ച്ച എന്നാല്‍ ഗുണഭോക്താക്കള്‍ സംഘപരിവാര്‍ മാത്രവും ആയിരിക്കും .

ഇതിനുവേണ്ടി ഉണ്ടാക്കിയ ഗീബല്‍സിയന്‍ നുണകളില്‍ ചിലതായിരുന്നു ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നു, ഹജ്ജ് സബ്സിഡി, നോമ്പ് കാലത്ത് മലപ്പുറത്തെ സ്കൂളുകളിലെ ഉച്ച കഞ്ഞി, മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ്‌ തുടങ്ങിയവ. വസ്തുതാ വിരുദ്ധമായ ഇവയോരോന്നും കാലാകാലം കണക്കുകള്‍ നിരത്തി കേരള സമൂഹം പൊളിച്ചു കൊണ്ടേയിരുന്നു .

ഇവയൊന്നും വെറും ആർ എസ്സ് എസ്സുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മാത്രമായിരുന്നില്ല കറങ്ങിയിരുന്നത്. കേരളത്തിലെ പരമോന്നത പോലീസ് പദവി വഹിച്ചിരുന്ന ടി പി സെന്‍കുമാര്‍ ഒക്കെ ഇത്തരം നുണ പ്രചാരണങ്ങളുടെ പേരില്‍ നിയമ നടപടി നേരിടുകയാണ് എന്ന് മനസിലാക്കുമ്പോഴാണു ഇത്തരം പ്രചാരണങ്ങള്‍  സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നു മനസിലാകുന്നത്. ഈ നുണകളില്‍ തുടക്കം മുതല്‍ ആത്മാർത്ഥമായി ശ്രമിച്ചിട്ടും കേരളത്തിന്റെ സെക്കുലര്‍ സ്വഭാവം മൂലം പൊതു സമൂഹത്തിന്റെ മുന്നില്‍ ഒരു തരത്തിലും വിജയിക്കാതിരുന്ന പ്രചാരണം ആയിരുന്നു “ലവ് ജിഹാദ്”

ഇസ്ലാം മതത്തിലേക്ക് ആളെ ചേര്‍ക്കുന്നു, ഹിന്ദു പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു അങ്ങനെ പല രൂപത്തില്‍ ഈ പ്രചരണം കാലങ്ങളായി നടന്നു വരുന്നുണ്ട്. മലയാളികള്‍ ഐസിസിൽ എത്തിപ്പെട്ടു എന്ന വാര്‍ത്തയുടെ ചുവടുപിടിച്ചു രൂപപ്പെട്ട അവസാനത്തെ ആയുധമാണു, തീവ്രവാദ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടി ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്നു എന്നത്. യമനിലെ ദമ്മാജ് സലഫികളുടെ ജീവിത രീതിയുടെ ചുവടുപിടിച്ചു പരിവാറും പൊതുബോധ മാധ്യമങ്ങളും ചേര്‍ന്ന് അതിനു “ആട് മേയ്ക്കല്‍” എന്നൊരു വിളിപ്പേരും ഇട്ടു. അതിനു ശേഷവും ഇത്തരം കഥകള്‍ക്ക് ഒരു പരിധിക്കു മേല്‍ പൊതു സമൂഹത്തിന്റെ സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ പരിവാറിന് കഴിഞ്ഞിരുന്നില്ല . അവിടെ നിന്നും സംഘപരിവാറിനു വീണു കിട്ടിയ അവസരമാണ് മുന്‍പ് അഖില ആയിരുന്ന ഇസ്ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം സംബന്ധിച്ച് ഹൈക്കോടതിയില്‍ എത്തിപ്പെട്ട കേസ്.

അങ്ങേയറ്റം മനുഷ്യത്വ രഹിതമായ കോടതി പോലീസ് ഇടപെടലുകള്‍ മൂലം ഹാദിയ മൌലീക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടു വീട്ടുതടങ്കലില്‍ ആയി, അതിന്റെ വിഷാദംശങ്ങളിലേക്ക് കടക്കുന്നില്ല . ഹാദിയയുടെ ഭര്‍ത്താവിന്റെ എസ് ഡി പി ഐ ബന്ധവും മതം മാറ്റത്തില്‍ സത്യസരണി എന്ന സ്ഥാപനത്തിന്റെ പങ്കും ആണ് ഇതില്‍ സംഘപരിവാര്‍ കണ്ടെത്തിയ അനുകൂല ഘടകങ്ങള്‍. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് അവരുടെ വിവാഹം സംബന്ധിച്ചതാണ്. ഹാദിയയുടെ ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനുള്ള അവകാശത്തെ സംബന്ധിച്ച് നിലവില്‍ ഒരു തര്‍ക്കവും ഇല്ല . അതുപോലെ തന്നെ മതം മാറ്റത്തിന് ശേഷം പത്രപരസ്യത്തില്‍ കൂടിയാണ് SDPI പ്രവര്‍ത്തകനുമായുള്ള വിവാഹം നടക്കുന്നത് . സത്യം ഇതാണെന്നിരിക്കെ ഹാദിയയെ മതം മാറ്റി സിറിയയില്‍ “ആട് മേയ്ക്കാന്‍” കൊണ്ട് പോകുന്നതാണ് കോടതി തടഞ്ഞത് എന്ന രീതിയില്‍ പൊതുസമൂഹത്തില്‍ പ്രചരണം അഴിച്ചു വിടുന്നതില്‍ പ്രാഥമികമായി സംഘപരിവാര്‍ വിജയിച്ചു. കേസ് സുപ്രീംകോടതിയുടെ പരിഗണനാ വിഷയം ആയതോട്‌കൂടി ഇതിനൊരു ദേശീയമാനം ഉണ്ടാക്കിയെടുക്കുവാനും അവര്‍ക്ക് കഴിഞ്ഞു.

ഹാദിയയുടെ മതം മാറ്റം ഒരു “ലവ് ജിഹാദ്” ആയിരുന്നു എന്ന് സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആയിരുന്നു രാഹുല്‍ ഈശ്വര്‍ ഹാദിയയെ കാണാനെത്തിയപ്പോൾ പകര്‍ത്തിയ വീഡിയോ “കേരളാ ലവ് ജിഹാദ് ടേപ്പ്” എന്ന തലക്കെട്ടില്‍ ദേശീയ തലത്തില്‍ പ്രച്ചരിപ്പിക്കപ്പെട്ടതെങ്കില്‍ അതിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം ആയിരുന്നു ചോക്ലേറ്റും ഓ ബി വാനുമായി എത്തിയ സംഘം നടത്തിയത് എന്ന് ന്യായമായും സംശയിക്കാം.

 

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും അടക്കം ഹാദിയയെ കാണാന്‍ എത്തിയിട്ടും കാണാന്‍ അനുവദിക്കാത്ത വീട്ടുകാരുടെ മുന്നിലേക്ക്‌ മുന്‍പ് ഹാദിയയെ പരിചയമില്ലാത്ത അഞ്ചു പേര്‍ ചോക്ലേറ്റും പുസ്തകങ്ങളുമായി കടന്നുവന്നാല്‍ സ്വാഭാവികമായും സന്ദര്‍ശനാനുമതി നിഷേധിക്കപ്പെടും എന്ന കൃത്യമായ ബോധ്യത്തോടെ ഒരു സംഘം അവിടെയെത്തി പ്രകോപനം സൃഷ്ടിക്കുന്നു .  സ്വാഭാവിക പ്രതിഭാസം പോലെ ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷകരായി ആർ എസ്സ് എസ്സുകാര്‍ അവിടെ എത്തുന്നു. തുടർന്നുണ്ടായ അക്രമസംഭവങ്ങളും സംഘർഷവും ഒടുവില്‍ പോലീസ് അറസ്റ്റിലും കലാശിക്കുന്നു. കോടതി സംരക്ഷണം നല്‍കിയിട്ടും “ഹിന്ദു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു” എന്ന തലക്കെട്ടോടു കൂടി കേരളത്തിലെ ഹിന്ദു മതത്തിന്റെ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയിലെ രക്ഷകരായി സംഘപരിവാറിനെ ഈ ചോക്ലേറ്റുമായി പോയവര്‍ തന്നെ ഫലത്തില്‍ അവതരിപ്പിക്കുന്നു.

കേരള സമൂഹത്തിന്റെ മതസൌഹാര്‍ദ്ധത്തെ കാര്യമായി തന്നെ ബാധിച്ചേക്കാവുന്ന ഗൌരവമേറിയ ഈ പ്രശ്നത്തിന്റെ അന്നേ ദിവസത്തെ  പ്രചാരണം മുഴുവന്‍ നടന്നത് വ്യക്തമായ ഐഡന്റിറ്റി ഇല്ലാത്ത ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് എന്ന് മനസിലാക്കുമ്പോഴാണു ഇതിനു പിന്നിലെ ദുരൂഹതകള്‍ വ്യക്തമാകുന്നത്.

തീര്‍ച്ചയായും ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് അതില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും ഉത്തരവാദികള്‍ ആണ് . ഒരു പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൌരനു ഏതു മതം സ്വീകരിക്കാനും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനും രാജ്യം പ്രത്യേക വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത, വിസ ലഭിക്കുന്ന ഏതു രാജ്യത്തും പോകാനും അതിനി യമനിലെ ദമ്മാജ് സലഫികളുടെ ജീവിതരീതിയില്‍ ആടുമേയ്ച്ചു കഴിയാനാണെങ്കില്‍ അതിനും അവകാശമുണ്ട്‌ . മറ്റെന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംശയമുണ്ടെങ്കില്‍ കേസെടുത്തു അനേഷിച്ചു നടപടി സ്വീകരിക്കാം .

എന്നാല്‍ ഇതൊന്നുമല്ലാതെ തീവ്രമുസ്ലീം സംഘടനകളുടെ സാന്നിധ്യം മൂലം സംസ്ഥാന സര്‍ക്കാരും മറ്റു മതേതര പ്രസ്ഥാനങ്ങളും ഈ വിഷയത്തില്‍ നിന്നും അകലം പാലിക്കുന്നത് മറകൾക്ക് പിന്നിലിരുന്നുകൊണ്ട് പലര്‍ക്കും അജണ്ടകള്‍ സെറ്റ് ചെയ്തു എളുപ്പത്തില്‍ ഒരു വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും സമൂഹത്തിന്റെ സുരക്ഷിതത്വത്തെ വെല്ലുവിളിക്കുവാനും ഒരവസരമായി മാറുന്നുണ്ട്.