അന്ന് മന്‍മോഹന്‍സിങെന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രവചിച്ചത് അക്ഷരംപ്രതി യാഥാര്‍ഥ്യമായി;മന്മോഹനെ പരിഹസിച്ച് കൈയ്യടി നേടിയ മോദി അറിയുന്നുണ്ടോ?

single-img
2 September 2017

കറന്‍സി പിന്‍വലിക്കളുമായി ബന്ധപ്പെട്ട് ഡോ. മന്‍മോഹന്‍സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം യാഥാര്‍ഥ്യമായി.‘സംഘടിത പിടിച്ചുപറിയും നിയമവിധേയമായ കൊള്ളയു’മാണു നോട്ട് നിരോധനം എന്നാണു മന്‍മോഹന്‍സിങ് നോട്ട് നിരോധനത്തെക്കുറിച്ച് പറഞ്ഞിരുന്നത്.സമ്പദ് രംഗത്തെ അടിമുടി ഉലയ്ക്കുന്ന നോട്ട് നിരോധന തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതവും അന്ന് മന്‍മോഹന്‍സിങ് പ്രവചിച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് (ജിഡിപി) രണ്ട് ശതമാനം കുറയുമെന്നായിരുന്നു അത്.

മന്‍മോഹന്‍സിങിന്റെ മുന്നറിയിപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും പരിഹസിച്ചു. രാഷ്ട്ര പുനർനിർമാണത്തിനു ഹാർവഡല്ല, കഠിനാധ്വാനമാണു (ഹാർഡ് വർക്) വേണ്ടതെന്നു യുപിയിലെ റാലിയിൽ പറഞ്ഞ മോദി കൈയ്യടി നേടിയിരുന്നു.പക്ഷേ കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പ്രാധനമന്ത്രി നരേന്ദ്രമോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അവകാശപ്പെട്ടതുപോലെയായില്ല. മന്‍മോഹന്‍സിങ് പ്രവചിച്ചതുപോലെയായി. കുറഞ്ഞത് 2.2 ശതമാനം. 5.7 ശതമാനം മാത്രമമാണ് അവസാനം പാദത്തിലെ വളര്‍ച്ചാ നിരക്ക്. മുന്‍വര്‍ഷം ഇതേകായലളവിലുണ്ടായത് 7.9 ശതമാനമായിരുന്നു.ദിവസേന ബാങ്കിങ് നയങ്ങളില്‍ വരുത്തുന്ന മാറ്റം സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുമെന്നും മന്‍മോഹന്‍സിങ് മുന്നറിയ്പ്പ് നല്‍കിയിരുന്നു.

രാജ്യസഭയില്‍ നോട്ട് നിരോധനം സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം.

മി. ചെയര്‍മാന്‍,

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. കള്ളപ്പണം ഇല്ലാതാക്കുന്നതിനും കള്ളനോട്ടുകള്‍ തടയുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് പ്രധാനമന്ത്രി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. ഈ കാര്യങ്ങളുടെ ലക്ഷ്യത്തെ സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസം എനിക്കില്ല. എന്നാല്‍ അതിനായി നോട്ടുകള്‍ പിന്‍വലിച്ച നടപടി കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാകുമെന്ന് പറയേണ്ടി വരുന്നതിനൊപ്പം ആ തീരുമാനം തെറ്റായിരുന്നു എന്നതില്‍ രാജ്യത്തിനകത്ത് രണ്ട് അഭിപ്രായമില്ല. ഈ തീരുമാനം എടുത്തവര്‍ സാധാരണക്കാര്‍ക്ക് കുറച്ചുനാളത്തേക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് പര്‍ഞ്ഞിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ രാജ്യനന്മക്ക് വേണ്ടിയാണ് ഈ ബുദ്ധിമുട്ടുകളെന്നും അവര്‍ പറയുന്നു. ജോണ്‍ കെയിന്‍സിന്റെ വാക്കുകളാണ് ഇപ്പോള്‍ എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്: ‘കാലക്രമേണ നമ്മളെല്ലാം മരിക്കും’. അതുകൊണ്ട്, പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കാണ്.

ഈ തീരുമാനത്തിന്റെ ഫലം എന്താവുമെന്നതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്ന് എല്ലാ ഉത്തരവാദിത്തത്തോടു കൂടിയും ഞാന്‍ പറയുന്നു. 50 ദിവസം കാത്തിരിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. തീര്‍ച്ചയായും രാജ്യത്തെ സംബന്ധിച്ച് 50 ദിവസം എന്നത് ചെറിയ കാലയളവാണ്. എന്നാല്‍ ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 50 ദിവസത്തെ പ്രതിസന്ധി എന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുക. ഈ തീരുമാനത്തെ തുടര്‍ന്ന് 60 – 65 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. മരിച്ചവരുടെ എണ്ണം അതിലും കൂടുതലായിരിക്കാം. അതിനമപ്പുറം, ഈ നടപടി കൊണ്ടുണ്ടായത് രാജ്യത്തെ കറന്‍സി സംവിധാനത്തിലും ബാങ്കിംഗിലുമുള്ള ജനങ്ങളുടെ വിശ്വസത്തിന് ഇടിവ് തട്ടുകയും അത് ദുര്‍ബലമാവുകയും ചെയ്തു എന്നതാണ്. രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിച്ച സ്വന്തം പണം പിന്‍വലിക്കുന്നതിന് പൌരന്മാരെ വിലക്കിയ ഏതെങ്കിലും രാജ്യം ഉണ്ടോ എന്ന്‍ പ്രധാനമന്ത്രി വ്യക്തമാക്കണം. ഈയൊരൊറ്റ കാരണം മതി രാജ്യത്തിന്റെ പൊതുനന്മക്കെന്ന പേരില്‍ അവതരിപ്പിച്ച ഈ തീരുമാനം തെറ്റാണ് എന്നു പറയാന്‍.

സര്‍, നോട്ട് റദ്ദാക്കിയ ഈ തീരുമാനം ഏറ്റവും കൂടുതല്‍ തിരിച്ചടിക്കുക രാജ്യത്തെ കാര്‍ഷികമേഖലയിലായിരിക്കും. ചെറുകിട കച്ചവടക്കാരെയും ചെറുകിട വ്യവസായങ്ങളേയുമെല്ലാം ഇത് ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ ദേശീയ വരുമാനം അഥവാ ജിഡിപി കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും കുറയും. ഇത് പെരുപ്പിച്ച കണക്കല്ല, മറിച്ച് പ്രതീക്ഷിക്കുന്നതിലും താഴ്ത്തിയാണ് ഞാന്‍ പറയുന്നത്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ പദ്ധതിയുമായി മുന്നോട്ടുവരാന്‍ പ്രധാനമന്ത്രി തയാറാകണം.

ജനങ്ങള്‍ പണം പിന്‍വലിക്കുന്നത് തടയുന്നതുപോലുള്ള കാര്യങ്ങളില്‍ ബാങ്കിംഗ് മേഖലയില്‍ ദിനംപ്രതി നിയമങ്ങള്‍ മാറ്റുന്നത് ശരിയായ കാര്യമല്ല. ഇത് പിഎംഒയെയും ധനകാര്യമന്ത്രിയുടെ ഓഫീസിനെയും റിസര്‍വ് ബാങ്കിനെയും വളരെ മോശമായ വിധത്തിലാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരമൊരു വിമര്‍ശനം റിസര്‍വ്ബാങ്കിനെതിരെ ഉന്നയിക്കേണ്ടി വരുന്നതില്‍ ക്ഷമിക്കണം. എന്നാല്‍ ഈ വിമര്‍ശനം ന്യായമാണെന്നുതന്നെ കരുതുന്നു.

രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഇതില്‍ 55ശതമാനവും കൃഷിക്കാരും തൊഴിലാളികളുമാണ്. ഇവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഗ്രാമങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സഹകരണ ബാങ്കിംഗ് മേഖലയെ പണം വിനിമയം ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ ഞാനൊരു നിഗമനത്തിലെത്തുന്നത്, പ്രധാനമന്ത്രിയുടെ ഈ തീരുമാനം കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാണ് എന്നാണ്. അതിനൊപ്പം ഇത് സാധാരണക്കാരുടെ നേരെയുള്ള പിടിച്ചുപറിയും സംഘടിതമായ കൊള്ളയടിക്കലുമാണ് എന്നാണ്.

സര്‍, ഈ വാക്കുകളോടു കൂടി ഞാന്‍ അവസാനിപ്പിക്കുന്നു. ഈ വൈകിയ സമയത്തെങ്കിലും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവശ്യമായ പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകുമെന്ന് കരുതുന്നു. അങ്ങനെ ചെയ്യുന്നത് നിലവില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമാകും.