മനംമയക്കും ഈ തീവണ്ടിയാത്രകൾ;ചില റെയിൽപ്പാതകളിലൂടെ നമുക്കൊരു യാത്ര നടത്താം….

single-img
2 September 2017

വളരെ വേറിട്ട അനുഭവമാണ് തീവണ്ടിയാത്രകൾ നല്‍കുക. കൂകിപാഞ്ഞ് അരികിലുള്ളവയെ ഒക്കെ പിന്നിലാക്കി പാളത്തിലൂടങ്ങനെ പായാൻ ഒരു പ്രത്യേക രസം തന്നെയാണ്. തീവണ്ടി യാത്ര ഒഴിവാക്കിയുള്ള ഇന്ത്യയിലൂടെയുള്ള സഞ്ചാരം സാധ്യമല്ല, ഒരുപക്ഷെ തീവണ്ടി യാത്ര നമ്മുടെ സംസ്കാരവുമായി ബന്ധപെട്ട് കിടക്കുന്നത് കൊണ്ടാകാം അത്. ഇന്ത്യയുടെ മലമ്പ്രദേശത്തൂടെയുള്ള തീവണ്ടിയാത്രകൾ അവിസ്മരണീയമാണ്. വശ്യമനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാവുന്ന ട്രെയിൻ പാതകൾ ഇന്ത്യയിൽ ധാരാളമുണ്ട്. അത്തരത്തിൽ ഒരിക്കൽ സഞ്ചരിക്കുന്നവർക്ക് മറക്കാനാവാത്ത യാത്രാനുഭവം നൽകുന്ന ചില റെയിൽപ്പാതകളിലൂടെ നമുക്കൊരു യാത്ര നടത്താം….

ഉദ്ധംപൂർ-ഖത്റാ റെയിൽപാത

Udhampur-Katra-Railway-Line

ഹിമാലയ സാനുക്കളുടെ മാസ്മരികദൃശ്യങ്ങൾ കണ്ട് യാത്ര ചെയ്യാനാകും, ഈ പാതയിലൂടെ. പർനിടോപ്, സനസർ, ശിവ്ഘോരി, ശ്രീനഗർ തുടങ്ങിയ മലമ്പ്രദേശങ്ങളെ തൊട്ടുരുമിയാണ് ഉദ്ധംപൂർ-ഖത്റാ റെയിൽ പോകുന്നത്. 20 തുരംഗങ്ങളും 158 പാലങ്ങളും താണ്ടി ഹിമാലയത്തിന്റെ വളരെ ഉയരത്തിലൂടെയാണ് യാത്ര. ഇതിൽ ഏറ്റവും ആകർഷകമായത് ഗംഭീർ പാലത്തിലൂടെയുള്ള യാത്രയാണ്. വർഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.

കൊങ്കൺ റെയിൽപാത

Konkan-Rail-Route-in-Monsoons

കൊങ്കൺ പാതയെ കുറിച്ച് നിരവധി വർണ്ണനകൾ നാം കേട്ടിട്ടുണ്ട്. എത്ര വാചാലനായാലും അതിനെ വർണ്ണിക്കാൻ കഴിയില്ല എന്നതാണ് സത്യം. ആ അനുഭൂതി നേരിൽകണ്ട്തന്നെ അനുഭവിക്കേണ്ടതാണ്. സഹ്യാദ്രിയുടെ ദൃശ്യചാരുത ഏറ്റവും മനോഹരമായി ആസ്വദിക്കാൻ കഴിയുന്നത് കൊങ്കൺ റെയിൽപാതയിലൂടെയുള്ള യാത്രയിലാണ്. മംഗലാപുരത്തുനിന്നും ഗോവ വഴി പൂണെവരെയാണ് ഈ പാത നീളുന്നു.

ഹൂബ്ലി-മാഡ്ഗൗൺ പാത

Hubli

കൊങ്കൺ റെയിൽപാതയിലെ ഒരു ഭാഗമാണ് ഹൂബ്ലി-മാഡ്ഗൗൺ പാത. റെയിൽപാലത്തിനരികിലൂടെ ഒഴുകുന്ന ദൂധ്സാഗർ എന്ന നീർഝരമാണ്ഈ യാത്രയിലെ പ്രധാന ആകർഷണം. പാലൊഴുകും വിതം വെള്ളം ഒഴുകുന്നതിലാണ് ഇതിനെ പാൽക്കടൽ അഥവ ദൂധ്സാഗർ എന്ന് വിളിക്കുന്നത്. ഏകദേശം 300 അടി ഉയരത്തിൽ നിന്നും കുത്തനെ വെള്ളം പതിക്കുന്ന കാഴ്ച ആരിലും ആവേശമുണർത്തുന്നതാണ്. ദൂധ്സാഗറിനടുത്തുള്ള ലോണ്ട സ്റ്റേഷനിൽ ഇറങ്ങിയാൽ ഈ കാഴച കൂടുതൽ അടുത്ത് കാണാനാകും.

രാമേശ്വരത്തെ പാമ്പൻ കടൽപ്പാലം

Pampan

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടൽപ്പാലമാണ് പാമ്പൻ പാലം. ഇന്ത്യൻ റെയിൽവെയ്ക്ക് എന്നും അഭിമാനമായി നിലകൊള്ളുന്ന നിർമ്മിതി. തമിഴ്നാട്ടിലെ രാമേശ്വരത്തെയും പാമ്പൻ ദ്വീപിനെയും കടലിലൂടെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാമ്പൻ റെയിൽപാലത്തിന് 2 കിലോമീറ്ററോളം നീളമുണ്ട്. 143 തൂണുകളിലാണ് ഇതിനെ താങ്ങിനിർത്തിയിരിക്കുന്നത്. ഇതിലെ പാൽക്ക് കടലിടുക്കിലൂടെയുള്ള യാത്ര എന്നും മനസ്സിലോർമ്മിക്കുന്നതായിരിക്കും.

കൽക-ശിംല ട്രെയിൻപാത

Kalka Shimla

ഒരു പഴയകാല യാത്രാനുഭവമാണ് കൽക-ശിംല നാരൊഗേജ് ട്രെയിൻയാത്ര നമുക്ക് സമ്മാനിക്കുക. ഇവിടം യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1903ൽ ബ്രിട്ടീഷുകാർ ഷിംലയിലെ അവരുടെ വിനോധകേന്ദ്രങ്ങളിലേക്ക് പോകുന്നതിനായി പണികഴിപ്പിച്ചതാണ് ഈ റെയിൽപാത. ദുർഘടമായ മലനിരകൾക്കും പൈൻ മരക്കാടുകൾക്കുമിടയിലൂടെ ചെങ്കുത്തായുള്ള കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി കൽക-ശിംല ട്രെയിൻപാതയിലെ യാത്ര സഞ്ചാരികൾക്ക് ഒരു മധുരാനുഭവമായിരിക്കും.

ഡാർജിലീങ് റെയിൽപാത

Darjeeling-Himalaya-railway

തികച്ചും ഒരു ബ്രിട്ടീഷ് എഞ്ജിനീയറിങ് വൈഭവം തന്നെയാണ് ഡാർജിലീങിലെ നാരൊഗേജ് പാത. 1999 മുതൽ ഇവിടം യുനെസ്കോയുടെ പൈതൃക പട്ടികയിലുണ്ട്. മലനിരകളും താഴ്വരകളും കാടുകളും തെയിലതോട്ടങ്ങളും ചെറിയ ഗ്രാമങ്ങളും ഒക്കെ കടന്നാണ് ഈ യാത്ര. തികച്ചും കണ്ണിന് കുളിർമയേകുന്ന കാഴചയായിരിക്കും അത്.

ജയ്പൂർ-ജെയിസാൽമർ തീവണ്ടിപാത

Jaipur-Jaisalmer

പ്രകൃതി വൈവിധ്യത്തിന്റെ നാടാണ് ഇന്ത്യ. ഒരു ഭാഗത്ത് പച്ചപ്പ് പുതച്ച പ്രദേശങ്ങളാണെങ്കിൽ രാജ്യത്തിന്റെ ഒരു ഭാഗം അനന്തമായ തരിശ് മരുഭൂമിയാണ്. മരുഭൂമിയുടെ മനോഹാരിത അതിലുപരി കാഠിന്യം അടുത്തറിയാൻ ഏറ്റവും നല്ലൊരവസരം ജയ്പൂർ-ജെയിസാൽമർ തീവണ്ടിയാത്രയാണ്. വിവിധതരം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. കൃഷിയിടങ്ങളും പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും നിറഞ്ഞ ജയ്പൂരിൽ നിന്ന് തുടങ്ങുന്ന തീവണ്ടിയാത്ര പിന്നീട് നമ്മെ കൊണ്ടുപോകുന്നത് മരുഭൂമി ജീവിതത്തിലെ കാഴ്ചകളിലേക്കാണ്. ചെമ്മൺചെളിയിൽ നിർമ്മിതമായ കുടിലുകളും മരുഭൂമിയിൽ അലത്ത്നടക്കുന്ന ഒട്ടകങ്ങളും നിറഞ്ഞ കാഴ്ചകൾ വേറിട്ട യാത്രാനുഭവമായിരിക്കും സമ്മാനിക്കുന്നത്.

നീലഗിരി റെയിൽപാത

Nelgiri

ഏതൊരാളുടെയും സ്വപ്നഭൂമിയാണ് ഊട്ടി. ഊട്ടിയിലേക്ക് പോകുന്നവർ ട്രെയിൻ മാർഗ്ഗം തെരെഞ്ഞെടുക്കുന്നതാവും ഏറ്റവും ഉത്തമം. മലനിരകൾക്കും കാടിനും ഇടയില്ലൊടെയുള്ള നാരോ ഗേജ് യാത്ര തന്നെ അതിന് കാരണം. 46 കിലോമീറ്റർ ദൂരമുള്ള ട്രെയിൻ യാത്രയിൽ 108 മലഞ്ചരിവുകൾ, 16 തുരംഗങ്ങൽ, 250 പാലങ്ങൽ കടന്നുവേണം അങ്ങെത്താൻ.

മതേറാൻ റെയിൽപാത

Matheran

മഹാരാഷ്ട്രയിൽ ഇപ്പോൾ നിലവിലുള്ള ഒരേയൊരു നാരൊ ഗേജ് മലമ്പാതയാണ് മതേറാനിലേത്. നരാലിൽ നിന്നും മതേരാൻ വരെ 20 കിലോമീറ്റർ നീളുന്ന മനോഹര ഹിൽറെയിൽവെയാണിത്.

ഒറീസ ട്രൈബൽ റെയിൽവെ

Orrisa

ഇരുണ്ട കൊടുംക്കാട്ടിലൂടെ വെള്ളച്ചാട്ടങ്ങളും പുൽത്തകിടികളും കണ്ടുള്ള യാത്രയാണ് ട്രൈബൽ റെയിൽപാത നൽകുന്നത്. ഒറീസയിലെ കോറാപുട്ടിൽ നിന്നും റായിഘട്ട് വരെയാണ് ഈ പാത. ഇതിനിടയിലുള്ള റായഗഡ പ്രദേശത്ത് ഒഡീഷാ ആദിവസികൾ താമസമുണ്ട്.

ജമ്മു-ഉദ്ധംപൂർ റെയിൽപാത

Kashmir_Railway,_Qazigund

മനോഹാരിതയ്ക്കുപരി സാഹസികയാത്രയാണ് ഈ പാത നൽകുന്നത്. ജമ്മുവിൽ നിന്നും സ്രീനഗർ, ബരമുള്ള എന്നിവ കടന്ന് ഉദ്ധംപൂർ വരെയാണ് യാത്ര. പരുക്കൻ മലമ്പാതയിലൂടെയുള്ള യാത്രയാണിത്. സാഹസികം എന്ന് പറയാൻ കാരണം ഭൂകമ്പസാധ്യത വളരെയേറിയ പ്രദേശമാണിത്.

ഗോവ-മുംബൈ റെയിൽപാത

Goa

പുരാധന കടൽത്തീരങ്ങളും ഗ്രാമങ്ങളും കടന്നൊരു യാത്ര. സഹ്യാദ്രീയുടെ അടുക്കൽ എത്തുമ്പോൾ ഘോരവനങ്ങൾക്കിടയിലൂടെ മലഞ്ചരിവുകളിലൂടെ പോകുന്നു. പിന്നീട് പോകുന്നത് താഴ്വരകൾക്കിടയിലൂടെ വെള്ളച്ചാട്ടങ്ങളെ തൊട്ടുരുമികൊണ്ട്. ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇത്തരമൊരു അനുഭവം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ സുന്ദരമായ ട്രെയിൻ പാതകളിൽ ഒന്നാണ് ഗോവ-മുംബൈ റെയിൽപാത.