നിയമം നോക്കാതെ പാടത്തും പറമ്പിലും ഇനി ഡ്രോണുമായി ഇറങ്ങിയാല്‍ പിടിവീഴും;ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കുന്നു.

single-img
2 September 2017

ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.നിലവില്‍ ഡ്രോണുകളുടെ അനിയന്ത്രിത ഉപയോഗം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.വിവാഹ ഷൂട്ടിങ്ങിനുപോലും നിയന്ത്രണങ്ങളൊന്നുമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചു വരുന്നുണ്ട്.

ഡ്രേണുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവയുടെ നിയന്ത്രണത്തിനായി പുതിയ നിയമം നടപ്പില്‍ വരുത്തുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡ്രോണുകള്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള രീതികള്‍ എന്തൊക്കെയാണ്, ഡ്രോണുകള്‍ പറത്താനുള്ള ലൈസന്‍സ് ആരാണ് നല്‍കേണ്ടത്, എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഡ്രോണ്‍ റെഗുലേഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തും.അതീവ സുരക്ഷാ മേഖലകളില്‍ നിരന്തരം ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നത് സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയാണു.കഴിഞ്ഞ ദിവസം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനേതുടര്‍ന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു.

ആദ്യഘട്ടത്തില്‍ ഡ്രോണുകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്‍എസ്ജി, സിഐഎസ്എഫ് എന്നിവയ്ക്കാകും നല്‍കുക. ഡ്രോണ്‍ നിയന്ത്രണത്തിനായി ഇറക്കുമതി ചെയ്യുന്ന റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍, ഡിറ്റക്ടര്‍ തുടങ്ങിയ സവിശേഷതകളടങ്ങിയ ജര്‍മ്മന്‍ നിര്‍മ്മിത സംവിധാനത്തിന് യൂണിറ്റിന് എട്ടു മുതല്‍ ഒമ്പത് കോടി വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.