അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്നാവശ്യവുമായി ദിലീപ്;അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.

single-img
2 September 2017


അന്വേഷണം കാവ്യ മാധവനിലേയ്ക്കുകൂടി നീങ്ങുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്.ഈ മാസം ആറിനു നടക്കുന്ന അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്നാണു ആവശ്യം.ദിലീപിന്റെ അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.

 

അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16വരെ നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്‍ഡ് നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍പ് മൂന്ന് തവണ ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നു.

അതിനിടെ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനി ഒളിവിൽ കഴിയുന്പോൾ കാവ്യാമാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരൻ പോലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

‘ലക്ഷ്യ’യില്‍ സുനി എത്തിയത് കീഴടങ്ങുന്നതിന്റെ തലേദിവസമാണെന്നാണ് ജീവനക്കാരന്റെ മൊഴി.
സുനില്‍ ലക്ഷ്യയിലെത്തുമ്പോള്‍ ഒരു വനിതാജീവനക്കാരി ഉള്‍പ്പെടെ രണ്ടുപേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ജീവനക്കാരനുമായാണ് സുനില്‍ സംസാരിച്ചത്.

അതേസമയം കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് രണ്ടുവട്ടം കാവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നല്‍കിയിരുന്നത്. മാഡം കാവ്യയാണെന്നു പള്‍സര്‍ തറപ്പിച്ചുപറഞ്ഞതോടെ കേസിന് മറ്റൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ദിലീപിനു സ്വന്തം കടകള്‍ ഉണ്ടായിട്ടും സുനി ചെന്നത് കാവ്യയുടെ കടയിലാണ്. സുനി എത്തിയതു സമീപത്തെ സ്ഥാപനത്തിലെ സിസി. ടിവിയില്‍ പതിഞ്ഞിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യലലില്‍ വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത.

അതേസമയം ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്ന ആശങ്കയില്‍ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി അഭിഭാഷകരില്‍ നിന്ന് കാവ്യ നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു.

നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നും ഉപദേശിച്ചു എന്നാണു വിവരം.

എന്നാല്‍, സാങ്കേതികത്തെളിവുകള്‍ ആവശ്യത്തിന് ഉള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാലും പോലീസിനു പൊളിക്കാനാവും.

എറണാകുളം സി.ജെ.എം. കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ വ്യക്തമാക്കിരുന്നു.

പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴിയും. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പോലീസിനു കഴിയും.

പള്‍സറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍നിന്നു കുറ്റസമ്മതമാണു പോലീസ് പ്രതീക്ഷിക്കുന്നത്. പോലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പോലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറില്‍ തന്റെ ഫോണില്‍നിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനല്‍കിയിരുന്നു.