അവസാനനിമിഷം ചുവപ്പ് ബാഗ് സിഗ്നലാക്കി സ്‌ഫോടനം നടത്തി രക്ഷപ്പെടാന്‍ ഗുര്‍മീതിന്റെ ശ്രമം;ആള്‍ദൈവത്തിന്റെ തന്ത്രം പൊളിച്ച പോലീസ് നീക്കം ഇങ്ങനെ

single-img
1 September 2017

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്, വിധി പ്രഖ്യാപിച്ച പഞ്ച്കുല സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായി ഹരിയാന പൊലീസ്. വിധി പ്രഖ്യാപനത്തിന് ശേഷം റോത്തക് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒരു ചുവന്ന ബാഗ് വാഹനത്തില്‍ നിന്ന് എടുത്തു തരണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. അത്യാവശ്യ സാധനങ്ങളുള്ള ചുവന്ന ബാഗ് തനിക്ക് വേണമെന്നായിരുന്നു ഗുര്‍മീത് പറഞ്ഞത്.തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും കലാപം തുടങ്ങൂ എന്നും അനുയായികൾക്കുള്ള ഗുർമീതിന്റെ സന്ദേശമായിരുന്നു ഇത്.

വാഹനത്തില്‍ നിന്ന് ചുവന്ന ബാഗ് എടുത്തതോടു കൂടിയാണ് കോടതി പരിസരത്തും മറ്റു പലയിടങ്ങളിലും അക്രമം ആരംഭിച്ചത്. ഗുർമീതിന്റെ കാറിൽനിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടൻ ഷെല്ലുകൾ പൊട്ടുന്ന ശബ്ദം മുഴങ്ങി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നു സംശയമുണർന്നു. ഉടൻ ഗുർമീതിനെ പൊലീസ് വാഹനത്തിലേക്കു മാറ്റിയപ്പോൾ, വാഹനം ഗുർമീതിന്റെ അംഗരക്ഷകർ വളഞ്ഞു. ഇക്കൂട്ടത്തിൽ വർഷങ്ങളായി ഗുർമീതിനു സംരക്ഷണം നൽകുന്ന പൊലീസുകാരുമുണ്ടായിരുന്നു.

അതേസമയം തന്നെ ഗുര്‍മീതിന്റെ അനുയായികള്‍ എത്തിയ എഴുപതിലധികം വാഹനങ്ങള്‍ കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇവര്‍ വാഹനങ്ങള്‍ മാരകായുധങ്ങളുമായിട്ടാണ് എത്തിയത്.ഈ സാഹചര്യത്തില്‍ ഗുര്‍മീതിനെ സുരക്ഷിതമായി ഹെലിപാഡില്‍ എത്തിക്കുക എന്നത് ശ്രമകരമായിരുന്നു. ഹെലിപാഡിലേക്കുള്ള വഴിയിലായിരുന്നു അനുയായികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതെന്നതും പ്രശ്‌നം ഇരട്ടിയാക്കി.

ഡി.സി.പിയുടെ വാഹനത്തില്‍ ഗുര്‍മീതിനെ നിര്‍ബന്ധിച്ചു കയറ്റിയിരുത്തി. തുടര്‍ന്ന് ഒരേസമയം രണ്ട് വാഹനവ്യൂഹങ്ങളായി രണ്ട് ദിശകളിലേക്ക് പോവുകയായിരുന്നു. ഗുര്‍മീതിനെ മറ്റൊരു വഴിയാണ് ഹെലിപാഡില്‍ എത്തിച്ചത്. ഹരിയാന പൊലീസ് ഐ ജിയാണു ഈ വെളിപ്പെടുത്തല്‍ നടത്തിയത്.പ്രമുഖ ദേശീയ മാധ്യമമായ എന്‍ ഡി ടി വിയാണ് ഐ ജിയുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത്.