ജെഡിയു സംസ്ഥാനഘടകത്തില്‍ ഭിന്നത: വീരേന്ദ്ര കുമാര്‍ വിഭാഗം ഇടതു മുന്നണിയിലേക്ക്

single-img
31 August 2017

കോഴിക്കോട്: ജെഡിയു സംസ്ഥാനഘടകത്തില്‍ ഭിന്നത. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു, എന്‍.ഡി.എയുടെ ഭാഗമായതോടെ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വീരേന്ദ്ര കുമാര്‍ നയിക്കുന്ന വിഭാഗം ഇടതുമുന്നണിയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നു.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്ര കുമാര്‍ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തി. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. വീരേന്ദ്ര കുമാര്‍ ഇടതുമുന്നണിയിലേക്ക് മടങ്ങി വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി പിണറായി വിജയന്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാര്‍ട്ടിയുടെ ഭാവി നടപടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു ഉപസമിതി യോഗത്തില്‍ കടുത്ത ഭിന്നത ഉടലെടുത്തു. ദേശീയ തലത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ ശരദ് യാദവിനൊപ്പം നിന്ന് കേരളത്തില്‍ പാര്‍ട്ടി പ്രത്യേക ഘടകമായി നില്‍ക്കാനാണ് വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും നിലപാടെടുത്തത്.

എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്ന നിലപാടാണ് എംപി വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറുമെടുത്തത്. ശരത് യാദവ് അടുത്തമാസം 17ന് ദേശീയ എക്‌സിക്യൂട്ടീവും 18ന് ദേശീയ കൗണ്‍സില്‍ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് വീരേന്ദ്ര കുമാര്‍ വിഭാഗം സ്വീകരിച്ചത്. എന്നാല്‍, വര്‍ഗീസ് ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ ജെഡിയു അഞ്ചംഗ ഉപസമിതി തീരുമാനമെടുക്കാതെ പിരിഞ്ഞു.