അച്ഛനെ തള്ളി തുഷാര്‍: ബിഡിജെഎസ് എന്‍ഡിഎ വിടില്ല; വെള്ളാപ്പള്ളി ബിഡിജെഎസിന്റെ വക്താവല്ല

single-img
31 August 2017

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളി മകനും ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. എന്‍ഡിഎ വിടുന്ന കാര്യം ബിഡിജെഎസ് ചര്‍ച്ച ചെയ്തിട്ടില്ല. വെളളാപ്പളളി നടേശന്‍ പാര്‍ട്ടിയുടെ വക്താവുമല്ലെന്ന് വ്യക്തമാക്കിയ തുഷാര്‍, ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്നും ആലപ്പുഴയില്‍ ചേര്‍ന്ന മുന്നണി യോഗത്തിനുശേഷം പറഞ്ഞു.

അതേസമയം എന്‍ഡിഎയുടെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നത് വെള്ളാപ്പള്ളിയുടെ മാത്രം ആഗ്രഹമാണെന്നാണ് കുമ്മനം പറഞ്ഞത്.

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസിന് പറ്റിയത് ഇടതുമുന്നണിയാണെന്നും സിപിഐഎം അതിനുള്ള അവസരം നല്‍കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. ഘടകകക്ഷികള്‍ക്കു വേണ്ടത് നല്‍കാന്‍ ബിജെപി ഏറെ സമയമെടുക്കുന്നുണ്ട്. ബിഡിജെഎസിനു പറ്റിയ മുന്നണിയല്ല എന്‍ഡിഎ എന്നു മനസിലാക്കണം. ബിഡിജെഎസ് താല്‍പ്പര്യപ്പെട്ടാല്‍ പാര്‍ട്ടിയെ എല്‍ഡിഎഫിലെത്തിക്കാന്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിക്കുകയായിരുന്നെന്നു പറഞ്ഞ വെള്ളാപ്പള്ളി പിണറായി വിജയന്‍ പത്തുവര്‍ഷം കേരളം ഭരിക്കുമെന്നും അഭിപ്രായപ്പെട്ടു. ബിജെപി ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്. നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും നിര്‍ണായകമായ സ്വാധീനമുണ്ടാക്കാന്‍ ബിഡിജെഎസിന്റെ പ്രവര്‍ത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാല്‍, അന്നു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങള്‍ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിട്ടുണ്ട്.

ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ബിഡിജെഎസ് ആവശ്യപ്പെടുന്ന ഏഴു സീറ്റുകളില്‍ മൂന്നെണ്ണം വിട്ടുകൊടുക്കാനാകില്ലെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും സഖ്യത്തില്‍ ഭിന്നത സൃഷ്ടിച്ചിരുന്നു. പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങള്‍ സംബന്ധിച്ചാണ് ബിജെപി ബിഡിജെഎസ് തര്‍ക്കമുടലെടുത്തത്.