സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ‘കല്ലുവച്ച നുണ’: നോട്ട് നിരോധനത്തില്‍ മോദിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
31 August 2017

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ അവകാശവാദങ്ങള്‍ കളവെന്ന് തെളിയിക്കുന്നതാണ് ഇന്നലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട്. 3 ലക്ഷം കോടി രൂപ നോട്ട് നിരോധനത്തിന്റെ ഭാഗമായി എത്തിയെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. ഔദ്യോഗിക സംവിധാനത്തിന് പുറമെ നിന്നുള്ള വിദഗ്ധര്‍ നടത്തിയ കണക്കുകള്‍ ഇതാണെന്നായിരുന്നു നരേന്ദ്ര മോദിയുടെ അവകാശവാദം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപമായി എത്തിയ 1.75 കോടി രൂപയിലധികം വരുന്ന തുക സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബാങ്കുകളിലെത്തിയെന്നും ഇത് സാധാരണ പ്രക്രിയയുടെ ഭാഗമാക്കി മാറ്റാനായത് വലിയ നേട്ടമാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ലോകം ഞെട്ടിയെന്നും ഇത് മോദിയുടെ അവസാനമാണെന്ന് പലരും കരുതിയതായും അവകാശപ്പെട്ട പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരായ വലിയ പോരാട്ടത്തില്‍ ഒപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, നോട്ട് നിരോധനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 98.96 ശതമാനം നോട്ടുകളും തിരികെ എത്തിയെന്ന് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 15.28 ലക്ഷം കോടിയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ആര്‍ബിഐയ്ക്ക് നോട്ട് നിരോധനം വഴി 16,000 കോടി രൂപയുടെ നേട്ടമുണ്ടാക്കാനായപ്പോള്‍ 21,000 കോടി രൂപയുടെ നഷ്ടം വന്നുവെന്നായിരുന്നു മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ പ്രതികരണം.