മലപ്പുറം മതതീവ്രവാദികളുടെ ഒളിത്താവളമായെന്ന് പി.കെ കൃഷ്ണദാസ്

single-img
31 August 2017

മലപ്പുറം: മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം മാറിയെന്ന് ബിജെപി ദേശീയസമിതിയംഗം പി കെ കൃഷ്ണദാസ്. പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൃഷ്ണദാസ് മലപ്പുറം ജില്ലയെ അടച്ചാക്ഷേപിച്ചത്. തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിന്റെ കൊലപാതകത്തിനു പിന്നില്‍ മതതീവ്രവാദികളാണെന്നും ബിബിന്‍വധം എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കശ്മീരിലെ ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവരുടെ പ്രവര്‍ത്തനം കേരളത്തിലുമുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോഴ ആരോപണത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ കൃഷ്ണദാസ് തയാറായില്ല. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ രശ്മില്‍നാഥിനെതിരെ കോഴയാരോപണത്തിന്റെ പേരില്‍ നടപടിയെടുത്തോ ഇല്ലയോ എന്ന് മാധ്യമങ്ങളോട് പറയാനാവില്ല. വി വി രാജേഷിനെതിരായ നടപടി പുറത്തുപറഞ്ഞല്ലോ എന്ന ചോദ്യത്തിന്, അത് സംസ്ഥാന പ്രസിഡന്റാണ് പറഞ്ഞതെന്നായിരുന്നു മറുപടി.