കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ മുഖ്യ ആസൂത്രകനാക്കി സിബിഐയുടെ കുറ്റപത്രം

single-img
31 August 2017

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കുറ്റപത്രം. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ജയരാജനെ കൂടാതെ മറ്റ് അഞ്ചു പേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം തലശേരി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.

കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
നേരത്തെ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്.

യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും. ബിജെപിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

2014 സെപ്റ്റംബര്‍ ഒന്നിനു രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. മാര്‍ച്ചില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.