നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

single-img
31 August 2017

ന്യൂഡല്‍ഹി: കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ 99 ശതമാനം കറന്‍സികളും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐ റിപ്പോര്‍ട്ട് കേന്ദ്രത്തിന് തലവേദനയാകുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ പ്രതിപക്ഷം നടപടിയില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.

നിരോധനം ഭീകര ദുരന്തമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അനേകം നിരപരാധികളുടെ ജീവന്‍ അപഹരിച്ച ദുരന്തം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നശിപ്പിച്ചെന്നും ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇത് വലിയ അഴിമതിയാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ അഭിപ്രായം. രാജ്യത്തിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുകയും നൂറുകണക്കിന് മനുഷ്യര്‍ മരിക്കുകയും ചെയ്ത സംഭവത്തെ പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്നും അവര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.

അതേസമയം നോട്ട് നിരോധനം കൊണ്ട് ഒന്നും നേടിയില്ലെന്ന് മാത്രമല്ല 104 പേരുടെ ജീവനെടുത്ത ഒരു ദുരന്തമായി അത് മാറിയെന്ന് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. മോദിയുടെ അഴിമതിക്ക് പകരം നല്‍കേണ്ടി വന്നത് ഒന്നുമറിയാത്ത നിരപരാധികളായ സാധാരണക്കാരുടെ ജീവനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നോട്ട് നിരോധനം ആര്‍.ബി.ഐയുടെ പരിശുദ്ധിക്കേറ്റ പ്രഹരം മാത്രമല്ല വിദേശരാജ്യങ്ങളില്‍ പോലും ഇന്ത്യയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും അതുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യന്‍ ജനതയോട് മാപ്പുപറഞ്ഞേ തീരുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനമെന്ന മോദിയുടെ ദേശീയ വിരുദ്ധ നടപടിയില്‍ ജനങ്ങള്‍ ഒരിക്കലും മാപ്പ് കൊടുക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. നടപടി ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെയും പാര്‍ലമെന്ററി പാനലിനെയും തെറ്റിദ്ധരിപ്പിച്ച ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും പറഞ്ഞു.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍ കുറഞ്ഞ തോതിലുള്ള കള്ളപ്പണം മാത്രമേ നോട്ടു നിരോധനം വഴി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നല്‍കിയ റിപ്പോര്‍ട്ട്.