കെഎസ്ആര്‍ടിസി ബസില്‍ സിനിമാ സ്‌റ്റൈല്‍ കൊള്ള: യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു

single-img
31 August 2017

കോഴിക്കോട്: കര്‍ണാടകയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ അജ്ഞാത സംഘം കൊള്ളയടിച്ചു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം. പുലര്‍ച്ചെ 2.15ന് ഛന്നപട്ടണയില്‍ വെച്ചാണ് അജ്ഞാതസംഘം ബസിലെ യാത്രക്കാരെ കൊള്ളയടിച്ചത്. വടിവാള്‍ കഴുത്തില്‍ വെച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു. യാത്രക്കാര്‍ ചിക്കനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് കവര്‍ച്ച. ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം. ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരുടെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ പിടിച്ചുവാങ്ങി. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പലര്‍ക്കും മനസിലായില്ല.

ബഹളം കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചന്നപട്ടണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബെംഗളൂരുവിലെത്തിച്ചു.