സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കളിയെന്ന് പി. ജയരാജന്‍

single-img
31 August 2017

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പ്രതികരിച്ചു. നിയമപരിരക്ഷയ്ക്കായി ശ്രമം തുടരും. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കളിയാണ് സിബിഐ കുറ്റപത്രത്തിലൂടെ മറനീക്കി പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് മനോജ് വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ജയരാജനെ 25ാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യുഎപിഎ അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയത്.

കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനു രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍ നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.