ബേനസീർ ഭൂട്ടോ വധക്കേസ്: രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് 17 വർഷം തടവ്; പർവ്വേസ് മുഷാറഫ് പിടികിട്ടാപ്പുള്ളി

single-img
31 August 2017

ബേനസീർ ഭൂട്ടോ വധക്കേസിൽ  പോലീസ് ഉദ്യോഗസ്ഥർക്ക് പതിനേഴുവർഷം വീതം തടവുശിക്ഷ വിധിച്ച പാക്കിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതി, കേസിലെ മറ്റു അഞ്ചു പ്രതികളെ വേറുതേവിട്ടു. കേസിൽ പ്രതിയായ മുൻ പാക്കിസ്ഥാൻ പ്രസിഡന്റ്  പർവേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കോടതി, ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടു. റാവൽപ്പിണ്ടിയിലെ തീവ്രവാദവിരുദ്ധ കോടതിയുടേതാണു വിധി.

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന റഫാഘത്ത് ഹുസ്സൈൻ, ഹുസ്നൈൻ ഗുൽ, ഷേർ സമാൻ, ഐത്സാസ് ഷാ, അബ്ദുൾ റാഷിദ് എന്നിവരെയാണു റാവല്പിണ്ടിയിലെ തീവ്രവാ‍ദ വിരുദ്ധ കോടതിയിലെ ജഡ്ജ് അസ്ഗർ ഖാൻ കുറ്റവിമുക്തരാക്കിയതു. ഇവർ  അഞ്ചുപേരും  തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ എന്ന നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയുമായി ബന്ധമുള്ളവരാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

റാവല്പിണ്ടിയിലെ  പോലീസ് ഡി ഐ ജിയായിരുന്ന സൌദ് അസീസ്, റാവൽ ടൌണിലെ മുൻ പോലീസ് സൂപ്രണ്ട് ആയിരുന്ന ഖുറം ഷെഹ്സാദ് എന്നിവരെയാണു കോടതി പതിനേഴുവർഷം തടവിനു വിധിച്ചത്. പാക്കിസ്ഥാൻ പീനൽ കോഡിലെ 119-ആം വകുപ്പ് ( സർക്കാർ ജീവനക്കാരൻ എന്ന പദവിയെ കുറ്റകൃത്യം ചെയ്യുന്നവരെ സഹായിക്കുന്നതിനായി ദുരുപയോഗം ചെയ്യൽ) പ്രകാരം പത്തുവർഷവും 201-ആം വകുപ്പ് (തെളിവു നശിപ്പിക്കൽ) പ്രകാരം ഏഴുവർഷവും ചേർത്താണു പതിനേഴുവർഷം തടവുശിക്ഷ.

രണ്ടുവട്ടം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന  (1988–1990; 1993–1996) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബേനസീർ ഭൂട്ടോ, 2007 ഡിസംബർ 27-നു റാവല്പിണ്ടിയിലെ ലിയാക്കത്ത് നാഷണൽ ബാഗിലെ ഒരു തെരെഞ്ഞെടുപ്പ് റാലി കഴിഞ്ഞു പുറത്തേയ്ക്ക് മടങ്ങുമ്പോഴായിരുന്നു കൊല്ലപ്പെട്ടതു. അക്രമികളിലൊരാൾ ഇവർക്കു നേരേ വെടീയ്ക്കുകയും മറ്റൊരു അക്രമി തന്റെ ശരീരത്തിൽ കെട്ടിവെച്ച് ബോംബ് പൊട്ടിക്കുകയുമായിരുന്നു. ബോംബാക്രമണാത്തിൽ ഇരുപത്തിനാലുപേരായിരുന്നു കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണു ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്.