അറഫ സംഗമം ഇന്ന്: തീര്‍ത്ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കും

single-img
31 August 2017

ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം ഇന്ന്. ഇരുപത് ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ ഇന്ന് അറഫ മൈതാനിയില്‍ ഒത്തുകൂടും. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടക്കും.

ഇതോടെയാണ് അറഫ സംഗമത്തിന് തുടക്കമാവുക. സൗദി ഉന്നത പണ്ഡിത സഭ അംഗം തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം ഉച്ചവരെ തുടരും. അറഫയിലേക്കുള്ള ഓരോ വഴിയിലും ചെറുതും വലുതുമായി തീര്‍ഥാടക സംഘങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സൂര്യോദയത്തിന് ശേഷം തല്‍ബിയ്യത്ത് മന്ത്രങ്ങളുമായുള്ള തീര്‍ഥാടക പ്രവാഹം ശക്തിപ്പെടും.

ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകരുടെ അറഫയിലേക്കുള്ള യാത്ര ഇന്നലെ രാത്രി മുതല്‍ സുഗമമായി നടക്കുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ്കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്ന 33 സര്‍വീസ് ഏജന്‍സികളില്‍ പതിനെട്ടു ഏജന്‍സികള്‍ക്ക് കീഴിലുള്ള തീര്‍ഥാടകാര്‍ക്ക് മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്താം.

ഇന്ന് സൂര്യാസ്തമനത്തോടെ ഹാജിമാര്‍ ഇവിടെ നിന്നു മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങും. അവിടെ നിന്നാണ് പിശാചിന്റെ സ്തൂപത്തിനെതിരേ നടക്കുന്ന കല്ലേറിനുള്ള കല്ലുകള്‍ ശേഖരിക്കുക. ഇന്ന് രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ശേഷം നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനു മിനായിലേക്ക് തിരിക്കും.

മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ആദ്യദിവസത്തെ ജംറത്തുല്‍ അഖ്ബയിലെ കല്ലേറ് കര്‍മത്തിലും പിന്നീട് നടക്കുന്ന ബലികര്‍മങ്ങളിലും പങ്കുകൊള്ളും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.