വാട്ടര്‍ തീം പാര്‍ക്ക്; അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പഞ്ചായത്ത് നടപടി എടുക്കും

single-img
31 August 2017

കോഴിക്കോട്: വാട്ടര്‍ തീം പാര്‍ക്കിന്റെ കാര്യത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയോഗത്തില്‍ തീരുമാനം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരുന്ന പഞ്ചായത്ത് സമിതി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നേരത്തെ നിയമലംഘനം അന്‍വര്‍ നടത്തിയിട്ടില്ല എന്നാണ് പഞ്ചായത്ത് സമിതി നിലപാടെടുത്തിരുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡിസിസി രംഗത്ത് വന്നു. ഭരണസമിതിക്ക് മേല്‍ ഡിസിസി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമലംഘനങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലില്‍ നോട്ടീസ് നല്‍കാന്‍ ഉപസമിതി തീരുമാനിച്ചത്.

അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നുള്ള അനുമതികള്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ ഇനിയും മൂടിവെക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സമിതി നിലപാട് മാറ്റിയത്.

അതേസമയം മലപ്പുറം ചീങ്കണ്ണിപ്പാറയിലെ അനധികൃത ചെക്ക്ഡാമില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന പി വി അന്‍വറിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലാണ് ചെക്ക് ഡാം ഉള്ളത്. ഇതേ വിലാസത്തിലാണ് കൂടരഞ്ഞിയിലെ പാര്‍ക്കിന് അന്‍വര്‍ അപേക്ഷ നല്‍കിയതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

ചെക്ക്ഡാമുമായി തനിക്ക് ബന്ധമില്ലെന്നുകാട്ടി അന്‍വര്‍ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്ക് സമര്‍പ്പിച്ച മറുപടിയില്‍ നല്‍കിയിരിക്കുന്ന വിലാസം സ്വന്തം ഭാര്യാപിതാവായ അബ്ദുള്‍ ലത്തിഫിന്റേതാണ്. എന്നാല്‍ അബ്ദുള്‍ ലത്തീഫ് സ്വന്തം ഭാര്യാപിതാവാണെന്ന വിവരം എംഎല്‍എ സബ്കളക്ടറില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു.

സബ്കളക്ടറിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് അന്‍വറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വ്യക്തമാണ്. പരാതിക്കാര്‍ നല്‍കിയിട്ടുള്ള രേഖകള്‍ പരിശോധിച്ചാല്‍ അന്‍വര്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചിവെന്ന് കാര്യം സബ്കളക്ടര്‍ക്കും ബോധ്യപ്പെടുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.