ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

single-img
30 August 2017

കൊച്ചി: വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. കേസില്‍ സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

വ്യാജരേഖ ചമച്ച് അവധിയിലായിരുന്ന കാലത്തെ ശമ്പളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് സെന്‍കുമാറിനെതിരായ കേസ്. ഇതില്‍ ഈ മാസം 19 ന് സെന്‍കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ച ശേഷം കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കിയിരുന്നു. വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്.

എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു. ഐപിസി സെക്ഷന്‍ 465, 468, 471, സ്‌പെഷ്യല്‍ സെക്ഷന്‍ 164 എന്നീ ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കന്റോണ്‍മെന്റ് എസിപി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല.