‘മാഡം’ കാവ്യ മാധവനെങ്കില്‍ കേസിലെ “വമ്പന്‍ സ്രാവ്” ആര്?: പോലീസിന്റെ അടുത്ത നീക്കമെന്ത്

single-img
30 August 2017

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയതോടെ പോലീസിന്റെ അടുത്ത നീക്കമാണ് എല്ലാവരും നിരീക്ഷിക്കുന്നത്. മാഡമെന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് സുനിയുടെ ശ്രമമെന്നുമാണ് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. ആരാണ് മാഡം എന്ന ചോദ്യത്തിന് കാവ്യാമാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി.

ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കാവ്യയ്ക്ക് എതിരെ പൊലീസ് നിലപാടുകള്‍ എടുത്തിരുന്നു. അതിന് പിന്നാലെയാണ് പള്‍സറും ഇക്കാര്യം സമ്മതിക്കുന്നത്. ഇതോടെ വമ്പന്‍ സ്രാവിനെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്കായി ഏവരുടേയും ശ്രദ്ധ. വമ്പന്‍ സ്രാവും മാഡവും നടിയെ ആക്രമിച്ച കേസില്‍ ഉണ്ടെന്ന് സുനി പല തവണ പറഞ്ഞിരുന്നു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഭയന്നായിരുന്നു ഇത്.

ദിലീപിന്റെ ദൂതന്മാരായി, ജാമ്യം ഏതു വിധേനയും നേടണമെന്ന ലക്ഷ്യത്തോടെ ദിവസങ്ങള്‍ക്കു മുന്‍പാണ് ദിലീപിന്റെ ഉറ്റ ബന്ധുക്കള്‍ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ കണ്ടത്. ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെ ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. അതുകൊണ്ട് മാത്രമാണ് ഗള്‍ഫ് യാത്ര ഉപേക്ഷിച്ചത്. അതിന് പിന്നാലെയാണ് കാവ്യയുടെ പേര് പള്‍സര്‍ തുറന്നു പറയുന്നത്. ദിലീപിന് പിന്നാലെ ഭാര്യയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വെളിപ്പെടുത്തല്‍ പള്‍സര്‍ നടത്തിയതോടെ മലയാള സിനിമാ ലോകവും ഞെട്ടിയിരിക്കുകയാണ്.

ഓണക്കാലത്ത് സിനിമകള്‍ തിയേറ്ററിലെത്തിച്ച് പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്ന സിനിമാക്കാര്‍ക്ക് കിട്ടിയ വലിയൊരു തിരിച്ചടി തന്നെയാണിത്. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന പുതിയൊരു വിവാദം കൂടി ഉയരുന്നു വന്നതോടെ പ്രതിസന്ധിയിലാകുന്നത് സിനിമാ മോഖല കൂടിയാണ്.