സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് കോഴ നല്‍കരുതെന്ന് ആരോഗ്യമന്ത്രി: കോഴ നല്‍കിയാല്‍ പ്രവേശനം റദ്ദാക്കും

single-img
30 August 2017

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കോഴ നല്‍കി വിദ്യാര്‍ഥികള്‍ പ്രവേശനം തേടരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്നും, പ്രവേശനം റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്വാശ്രയ കോളേജുകളിലേക്ക് എല്ലാ അലോട്ട്‌മെന്റും നടത്തുന്നത് സര്‍ക്കാരാണ്.

പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജ്‌മെന്റുകളുടെ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ വീഴരുതെന്നും മന്ത്രി ശൈലജ പറഞ്ഞു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബാങ്ക് ഗാരന്റി നല്‍കാന്‍ പണം ഇല്ലെന്ന് കരുതി ആരും മടങ്ങിപ്പോകരുതെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ഗാരന്റി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വഴികള്‍ ആലോചിച്ച് വരികയാണ്. ഇന്നലെ പ്രവേശനം തേടിയെത്തിയവര്‍ ബാങ്ക് ഗാരന്റി ഇല്ലാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോയതായി അറിഞ്ഞു.

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നിയമപരമായത് അടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയായിരുന്നു. അന്തിമതീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതിനാല്‍ തന്നെ ആരും പ്രവേശനം തേടാതിരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.