ടി.പി വധക്കേസ്: സിബിഐയെ കൊണ്ടുവരാന്‍ കെ.കെ. രമ ഹൈക്കോടതിയില്‍

single-img
30 August 2017

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സര്‍ക്കാരാണ് കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

ടിപി വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ് കെകെ രമയുടെ ഹര്‍ജിയിലെ ആവശ്യം. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ കഴിഞ്ഞ വര്‍ഷം സെക്രട്ടറിയേറ്റിനു മുന്‍പില്‍ നിരാഹാരസമരം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് നിരവധി തവണ നിവേദനവും നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്.

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് കെ.കെ.രമ ആരോപിക്കുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്. അക്രമികള്‍ എത്തിയ വാഹനം സി.പി.എം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണന്ന് വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.