മുംബൈയില്‍ കനത്ത മഴ തുടരുന്നു; പേമാരിയില്‍ അഞ്ചു മരണം

single-img
30 August 2017

മുംബൈ: മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്. നാല് ദിവസമായി തുടരുന്ന പേമാരിയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറും നഗരസഭാധികൃതരും മുംബൈയില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. ഇതുവരെ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ശക്തമായ മഴയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് മരിച്ചത്. ഇന്നും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നിര്‍ദേശം നല്‍കി. അടിയന്തര സേവനങ്ങള്‍ക്കുള്ള ജീവനക്കാര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെ തങ്ങാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2005 ന് ശേഷമുള്ള കനത്ത പ്രളയക്കെടുതിയാണ് മുംബൈ നേരിടുന്നത്. ഇന്നലെ മാത്രം നഗരത്തിലും സമീപപ്രദേശങ്ങളിലും 300 മീല്ലിമീറ്റര്‍ മഴ പെയ്തതായാണ് കണക്കാക്കപ്പെടുന്നത്. താനെ, റെയ്ഗാദ്, പല്‍ഗാര്‍ എന്നീ ജില്ലകളിലും കനത്ത മഴയാണ്. വരുന്ന 48 മണിക്കൂറില്‍ മുംബൈ, സൗത്ത് ഗുജറാത്ത്, കൊങ്കണ്‍, ഗോവ, പടിഞ്ഞാറന്‍ വിദര്‍ഭ എന്നിവിടങ്ങളില്‍ 250 മില്ലി മീറ്റര്‍ മഴവരെ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്ത നിവാരണ സേന സജ്ജമായിട്ടുണ്ട്. മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ പ്രതികൂലമായി ബാധിച്ചു. ഒട്ടേറെ ഫ്‌ളൈറ്റുകള്‍ വൈകി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു.