പ്രവേശന പരീക്ഷാ കമ്മീഷണറെ മാറ്റി: എംഎസ് ജയ പുതിയ കമ്മീഷണര്‍

single-img
30 August 2017

തിരുവനന്തപുരം: പുതിയ പ്രവേശന പരീക്ഷാ കമ്മീഷണറായി എം.എസ് ജയയെ സര്‍ക്കാര്‍ നിയമിച്ചു. കമ്മീഷണറായിരുന്ന എം.ടി. റെജു കര്‍ണാടക കേഡറിലേക്ക് പോകുന്ന ഒഴിവിലേക്കാണ് ജയയെ നിയമിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

എന്നാല്‍ സ്വാശ്രയമെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന കമ്മീഷറെയും സര്‍ക്കാരിനെയും കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറെ മാറ്റിയതെന്നാണ് വിലയിരുത്തല്‍.

മാനേജ്‌മെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പലകോളജുകളെയും സഹായിക്കാനായി നീക്കം നടക്കുന്നുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. കോടതി വിധികള്‍ വളച്ചൊടിക്കാന്‍ പരീക്ഷാ കമ്മീഷണര്‍ ശ്രമിക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. കോടതി വിധികള്‍ നടപ്പാക്കിയില്ലെങ്കില്‍ കമ്മീഷണര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.