“മമ്മൂട്ടി ഇടപെടാത്തതുകൊണ്ട് ദിലീപിന്റെ അറസ്റ്റ് നടന്നു; കാവ്യയെ അറസ്റ്റ് ചെയ്യണം”

single-img
30 August 2017

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്ന് തനിക്കറിയാമായിരുന്നെന്നും താനിത് നേരത്തെ പറഞ്ഞിരുന്നതാണെന്നും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. പള്‍സര്‍ സുനി പറയുന്നതിന്റെ എത്രയോ മാസങ്ങള്‍ക്ക് മുമ്പ് താനിതു പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ക്കിത് പുതിയ കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെടുന്നതാണ്. അപ്പോള്‍ പിന്നെ കാവ്യ എന്നത് നൂറുശതമാനം ഉറപ്പ് തന്നെയാണ്. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ കുടുക്കിയതിന് പിന്നില്‍ താനാണെന്ന് അഭിഭാഷകര്‍ പറഞ്ഞതിലുളള പ്രതികാരം അല്ല ഇതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്നാംദിവസം ദിലീപാണ് ഇതിന് കാരണക്കാരനെന്നും മമ്മൂട്ടി ഇടപെട്ടില്ലെങ്കില്‍ അറസ്റ്റ് നടക്കുമെന്നും മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ അറസ്റ്റ് നടക്കില്ലെന്നും പറഞ്ഞിരുന്നു. തുടക്കത്തില്‍ അറസ്റ്റുണ്ടാകാതിരുന്നത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്. അതില്‍ സംശയമില്ല. ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ഈ പറഞ്ഞ കുട്ടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്.

ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ കൂട്ട് അങ്ങ് പിരിഞ്ഞു. അതോടുകൂടിയാണ് ഈ പ്രതികാര നടപടി തുടങ്ങിയത്. ഇതില്‍ കാവ്യയും ദിലീപും തുല്യ കുറ്റക്കാര്‍ തന്നെയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീര്‍ ശത്രുവായി കണ്ട് തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് കേസെന്ന് ആരോപിച്ചിരുന്നു.