കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി

single-img
30 August 2017

കെ.എം. ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ചില്‍പ്പെട്ട എബ്രഹാമിന് ഡിസംബര്‍ വരെയാണ് കാലാവധിയുള്ളത്. നാലുമാസം മാത്രമേ കാലാവധി ഉള്ളൂവെന്നതിനാല്‍ മറ്റൊരാളെ ചീഫ് സെക്രട്ടറിയാക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എങ്കിലും മുഖ്യമന്ത്രിക്ക് എബ്രഹാമിനെ നിയമിക്കാനായിരുന്നു താല്‍പര്യം. ഇതാണ് അദ്ദേഹത്തിന് തുണയായത്. നിലവില്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ്.

ഈ മാസം 31 ന് നളിനി നെറ്റോ വിരമിക്കുകയാണ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ഇന്ന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. അതേസമയം നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. 1981 ബാച്ചില്‍ പെട്ട നളിനി നെറ്റോ എസ്എം വിജയാനന്ദിന്റെ പിന്‍ഗാമിയായി ഈ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്.