‘മാഡം’ കാവ്യ മാധവനെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

single-img
30 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. എറണാകളും സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സുനി ചോദിച്ചു. ‘മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, കാവ്യയുടെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്നു….’ സുനി പറഞ്ഞു. മാഡം കാവ്യയാണോ എന്ന് ചോദിച്ചപ്പോള്‍ എന്റെ മാഡം കാവ്യയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് സുനി പറഞ്ഞത്.

മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പോലീസിന്റെ അടുത്ത നീക്കമാണ് എല്ലാവരും നിരീക്ഷിക്കുന്നത്. മാഡമെന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് സുനിയുടെ ശ്രമമെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

നേരത്തെ ആഗസ്റ്റ് 22ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും നടി കാവ്യമാധവനുമായി പരിചയമുണ്ടെന്നും സുനി പറഞ്ഞിരുന്നു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് സുനി വ്യക്തമാക്കിയതും.

മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് താന്‍ തന്നെ വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തിയിരുന്നു.