വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; മിനായിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം

single-img
30 August 2017

പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള ഹാജിമാരുടെ മിനാ താഴ്വരയിലേക്കുള്ള പ്രവാഹം ശക്തമായി. തല്‍ബിയ്യത്ത് മന്ത്രങ്ങള്‍ ഉരുവിട്ട് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ഹാജിമാരുടെ വരവ് ഉച്ചയോടെ അവസാനിക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നാളെയാണ്.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ഹാജിമാരുടെ മിനായിലേക്കുള്ള പ്രയാണം ഇന്ന് പുലര്‍ച്ചെയോടെ ശക്തിപ്പെടുകയായിരുന്നു. ബസ്സുകളിലും കാല്‍നടയായുമാണ് ഹാജിമാര്‍ തമ്പുകളിലെത്തിയത്. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടര്‍ മിനായിലേക്ക് നീങ്ങിയത്. സ്വകാര്യ ഗ്രൂപ്പുകളില്‍ വന്ന ഹാജിമാര്‍ ഉള്‍പ്പെടെ ഭൂരിഭാഗം ഇന്ത്യന്‍ തീര്‍ഥാടകരും ഇതിനകം മിനായിലെത്തി കഴിഞ്ഞു.

ഇന്ന് മിനയിലെ തമ്പുകളില്‍ രാപാര്‍ക്കുന്ന തീര്‍ഥാടകര്‍ ളുഹര്‍, അസര്‍, മഗ്രിബ്, ഇശാഅ്, സുബ്ഹ് എന്നീ നമസ്‌കാരങ്ങള്‍ മിനയില്‍ നിര്‍വഹിക്കും. തുടര്‍ന്ന് അറഫാ മഹാസംഗമത്തിനു പുറപ്പെടും. ഇതിനുശേഷം മുസ്ദലിഫയില്‍ അന്തിയുറങ്ങി ഹാജിമാര്‍ പ്രഭാത നമസ്‌കാരത്തിന് ശേഷം മിനായിലെ തമ്പുകളില്‍ മടങ്ങിയെത്തും.

അടുത്ത ദിവസങ്ങളിലെ കര്‍മങ്ങള്‍ കഴിഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങുക. നാളെത്തെ അറഫാ ദിനത്തിലൊഴികെ ഹജ്ജ് അവസാനിക്കുന്ന ദുല്‍ഹജ്ജ് 13 വരെ തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക. തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനും സുരക്ഷ കുറ്റമറ്റതാക്കാനും എല്ലാ നടപടികളും സ്വീകരിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

ഒരു ലക്ഷത്തോളം സൈനികരെ ഹജ്ജ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് പതിനേഴര ലക്ഷത്തോളം തിര്‍ത്ഥാടകരാണ് വിദേശത്തുനിന്നും ഹജ്ജുകര്‍മ്മത്തിനെത്തിയത്. ഒരുലക്ഷത്തി എഴുപതിനായിരം തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍നിന്നുമെത്തിയിട്ടുണ്ട്.