ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി സ്ത്രീകള്‍

single-img
30 August 2017

മൂന്ന് മാസമായി വീട്ടുകാരുടെ തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വനിതകളുടെ പ്രതിഷേധം. ഹാദിയയുടെ വീടിനു മുന്നിലാണ് അഞ്ച് സ്ത്രീകള്‍ ഈ ആവശ്യവുമായി പ്രതിഷേധിച്ചത്. ‘എന്നെ ഇവര്‍ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം’ എന്ന് ജനലിലൂടെ പറയുന്ന ഹാദിയയെയാണ് ഞങ്ങള്‍ കണ്ടതെന്ന് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫെമിനിസ്റ്റ് റീഡേഴ്‌സ് ഗ്രൂപ്പെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് തങ്ങളെന്നാണ് യുവതികള്‍ വ്യക്തമാക്കിയത്.

തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹാദിയയ്ക്ക് ചില പുസ്തകങ്ങളും മധുരപലഹാരങ്ങളും എത്തിക്കാനായാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്നും ഹാദിയയെ കാണണമെന്നോ സംസാരിക്കണമെന്നോ ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും യുവതി വ്യക്തമാക്കുന്നു. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍, തങ്ങള്‍ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്നാണ് അവരുടെ അച്ഛന്‍ പറഞ്ഞത്. ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് ജനലിലൂടെ അപേക്ഷിക്കുന്ന ഹാദിയയെയാണ് ഞങ്ങള്‍ കണ്ടതെന്നും യുവതി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘ ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണെന്നും യുവതി പറയുന്നു. അതേസമയം വനിതാപ്രവര്‍ത്തകരിലൊരാളുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസല്‍ ഹസൈനാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയത് കൊണ്ടു പോയതെന്ന് വനിതാ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്.