വളര്‍ത്തുമകളെ പിന്‍ഗാമിയാക്കിയില്ല: ദേറാ സച്ചാ സൗദയെ ഗുര്‍മീതിന്റെ മകന്‍ നയിക്കും

single-img
30 August 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പെട്ട് ഗുര്‍മീത് റാം റഹീം സിങ്ങ് ജയിലിലായപ്പോള്‍ ദേറാ സച്ചാ സൗദയെ നയിക്കാന്‍ ഇനി ആര് എന്ന ചര്‍ച്ച സജീവമായിരുന്നുവെങ്കിലും ഗുര്‍മീതിന്റെ ദത്തുപുത്രി ഹണി പ്രീതിന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ജസ്മീത് ഇന്‍സാന്‍ പിന്‍ഗാമിയായി നിയമിതനാവുകയായിരുന്നു.

ഗുര്‍മീത് റാം റഹിമിന്റെ അമ്മ നസീബ് കൗര്‍, ഭാര്യ ഹര്‍ജിത് കൗര്‍ എന്നിവര്‍ കഴിഞ്ഞദിവസം ജയിലിലെത്തി ജസ്മീത് ഇന്‍സാനിന്റെ നിയമനത്തിന് അംഗീകാരം നേടുകയായിരുന്നു. ദേരാ സച്ചാ സൗദയുടെ ദൈനംദിന നടത്തിപ്പുകളുടെ ചുമതലയുള്ള ദേരാ മാനേജര്‍ പദവിയാണ് ജസ്മീതിന് നല്‍കിയിട്ടുള്ളത്. ജയിലിലാണെങ്കിലും ദേരാ സച്ചാ സൗദയുടെ തലവനായി ഗുര്‍മീത് റാം റഹിം സിംഗ് തുടരും. ഗുര്‍മീതിന്റെ ബന്ധുവായ ഭൂപീന്ദര്‍ സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ തീരുമാനത്തോടെ, ഗുര്‍മീതിന്റെ കോടിക്കണക്കിന് വരുന്ന ആസ്തികളും സ്വത്തു വകകളും ജസ്മീതിന്റെ ചുമലിലേക്കെത്തി. ആഢംബര വാഹനങ്ങള്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം എന്നിവ അടക്കം അടങ്ങുന്നതാണ് ദേര സച്ചയുടെ സിര്‍സയിലെ പ്രധാന കേന്ദ്രം.

ഇതിന് പുറമെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും കോടികളുടെ സ്വത്തുവകകള്‍ ദേര സച്ചയ്ക്കുണ്ട്. ദേരാ സച്ച സൗദയുടെ ഇതുവരെയുള്ള കീഴ് വഴക്കത്തിന്റെ ലംഘനം കൂടിയാണ് ജസ്മീതിന്റെ നിയമനം. ഇതുവരെ ഗുരുവിന്റെ കുടുംബാംഗങ്ങളെ ദേരയുടെ പിന്‍ഗാമിയായി നിയമിക്കാറില്ല. ഇതാണ് ഇപ്പോള്‍ ഗുര്‍മീത് തിരിത്തിക്കുറിച്ചത്.

കോണ്‍ഗ്രസ് നേതാവ് ഹര്‍മീന്ദര്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ജസ്മീത്. ഗുര്‍മീത് റാം റഹിം സിംഗിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്‍മക്കളും. മകന്‍ ജസ്മീത് സിംഗ് ഇന്‍സാന്‍ ബിസിനസുകാരനാണ്. പെണ്‍മക്കളായ ചരണ്‍ജിത്, അമര്‍പ്രീത് എന്നിവര്‍ വിവാഹിതരാണ്.