കംഗാരുക്കളെ എറിഞ്ഞിട്ടു: ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്ര ജയം

single-img
30 August 2017

ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം. മിര്‍പൂരില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ 20 റണ്‍സിനാണ് കംഗാരുക്കളെ ബംഗ്ലാ കടുവകള്‍ മുട്ടുകുത്തിച്ചത്. 265 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം തകരുന്ന കാഴ്ചയായിരുന്നു കണ്ടത്. 109ന് രണ്ട് എന്ന നിലയില്‍ തുടങ്ങിയ ഓസ്‌ട്രേലിയ 244 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്‌സുകളിലുമായി പത്തു വിക്കറ്റു വീഴ്ത്തിയ ഷക്കീബ് അല്‍ ഹസന്‍ ആണ് ഓസീസിനെ തകര്‍ത്തത്.

ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ചുറിക്കരുത്തില്‍ മുന്നേറിയ ഓസീസ് നാലംദിനം തുടങ്ങുമ്പോള്‍ ശക്തമായ നിലയിലായിരുന്നു. 109/2 എന്ന നിലയില്‍ കുതിച്ച ഓസീസിനെ നാലാം ദിനവും വാര്‍ണര്‍ തോളിലേറ്റി. സെഞ്ചുറിക്ക് പിന്നാലെ വാര്‍ണര്‍ (112) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. 37 റണ്‍സെടുത്ത നായകന്‍ സ്റ്റീവ് സ്മിത്തിനും, 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനും മാത്രമേ ബംഗ്ലാ ആക്രമണത്തെ ചെറുക്കാനായുള്ളൂ.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്റെ അഞ്ചു വിക്കറ്റെടുത്ത ഷാകിബ് അല്‍ ഹസ്സന്‍, രണ്ടാമിന്നിംഗ്‌സിലും അഞ്ചു വിക്കറ്റുകള്‍ നേടി ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. താജുള്‍ ഇസ്‌ലാം മൂന്നും, മെഹ്ദി ഹസ്സന്‍ രണ്ടും വിക്കറ്റെടുത്തു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 260 ഉം, രണ്ടാമിന്നിംഗ്‌സില്‍ 221 റണ്‍സുമാണെടുത്തത്.

രണ്ടാമിന്നിംഗ്‌സില്‍ ആറു വിക്കറ്റെടുത്ത ഓസീസ് സ്പിന്നര്‍ നതാന്‍ ല്യോണാണ് ബംഗഌദേശിനെ തകര്‍ത്തത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 217 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് 43 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 84 റണ്‍സും പത്തുവിക്കറ്റും നേടിയ ഷാകിബാണ് കളിയിലെ താരം. രണ്ടാം ടെസ്റ്റ് സെപ്തംബര്‍ നാലു മുതല്‍ ആരംഭിക്കും.