‘വോട്ട് തന്നാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കാം’: ഗുര്‍മീതിനെ രക്ഷിക്കാന്‍ അമിത് ഷാ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍

single-img
29 August 2017

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിനെ രക്ഷിക്കാന്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നതായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രതിഫലമായാണ് ബലാത്സംഗക്കേസുകള്‍ ഒഴിവാക്കി തരാമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ വാഗ്ദാനം ചെയ്തതെന്നും ഹണിപ്രീത് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ ഗുര്‍മീത് അമിത് ഷായെ കണ്ട് തന്റെ അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നു.

ഈ സമയത്തായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ കേസുകള്‍ ഒഴിവാക്കി തരാമെന്ന ഉറപ്പ് ഗുര്‍മീതിന് നല്‍കുന്നത്. നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്ന ഗുര്‍മീത്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സന്ധ്യ ദൈനിക് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബി.ജെ.പി ദേശീയ നേതാവായ അനില്‍ ജെയിനിനെയായിരുന്നു ഗുര്‍മീത് ആദ്യം കണ്ടതെന്നും ഇദ്ദേഹം വഴിയാണ് അമിത് ഷായെ കാണുന്നതെന്നുമാണ് ഹണിപ്രീത് സിങിന്റെ വെളിപ്പെടുത്തല്‍. 28 അസംബ്ലി സിറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും ഗുര്‍മീത് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കി.

ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുമായും ഗുര്‍മീത് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി നാഷണല്‍ ദഷ്തക് പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാന തെരഞ്ഞെടുപ്പ് വേളയില്‍ തന്നെയായിരുന്നു ഇത്. ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടാറും ഗുര്‍മീതും തമ്മിലുള്ള അടുപ്പം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.

ഇതിനു പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കായി ഗുര്‍മീത് നല്‍കുന്ന പിന്തുണയെ പ്രകീര്‍ത്തിച്ചുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഘര്‍ഷങ്ങള്‍ പരിധി വിട്ടപ്പോള്‍ മാത്രമാണ് ഗുര്‍മീത് അനുയായികളുടെ ആക്രമങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായതെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. കോടതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നലെ ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജും ഗുര്‍മീതിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.