സൗദിയിലെ സ്വകാര്യ മേഖലയില്‍ 19 തസ്തികകളില്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക്

single-img
29 August 2017

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ 19 തസ്തികകളില്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ഇതുമൂലം രാജ്യത്ത് കഴിഞ്ഞ വര്‍ഷം വര്‍ക് പെര്‍മിറ്റ് നല്‍കുന്നതില്‍ മൂന്ന് ശതമാനത്തിന്റെ കുറവ് വന്നതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം രണ്ട് കോടി നാല്‍പത്തിമൂന്ന് ലക്ഷം വര്‍ക് പെര്‍മിറ്റുകള്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവെക്കല്‍, എഞ്ചിനീയറിങ് ജോലികള്‍ക്കുള്ള റിക്രൂട്ടിങിന് 5 വര്‍ഷത്തെ തൊഴില്‍ പരിചയം എന്നീ പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനുള്ള തുടര്‍ നടപടികള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു.

എച്ച് ആര്‍ മാനേജര്‍, തൊഴില്‍ കാര്യ മേധാവി, പബ്ലിക് റിലേഷന്‍, റിക്രൂട്ടിങ് ഓഫീസര്‍, റിക്രൂട്ടിങ് ക്ലര്‍ക്, ഷിഫ്റ്റ് ക്ലര്‍ക്, റിസപ്ഷനിസ്റ്റ്, ഹോട്ടല്‍ റിസപ്ഷന്‍, ആശുപത്രികളില്‍ രോഗികളെ സ്വീകരിക്കുന്ന കൗണ്ടര്‍, പരാതികള്‍ സ്വീകരിക്കുന്ന വിഭാഗം, കാഷ്യര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ നടപടികള്‍ ഫോളോഅപ് നടത്തുന്ന മുആഖിബ്, താക്കോല്‍ സൂക്ഷിപ്പുകാരന്‍, കസ്റ്റം ക്ലിയറന്‍സ് ജോലികള്‍, സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍പന നടത്തുന്ന ജോലിക്കാര്‍ തുടങ്ങിയ തസ്തികകളിലാണ് വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കിയതിനാല്‍ കഴിഞ്ഞ വര്‍ഷം വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ മൂന്നു ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്. 2015ല്‍ 85.2 ലക്ഷം വര്‍ക് പെര്‍മിറ്റുകള്‍ പുതുക്കിയപ്പോള്‍ 2016ല്‍ അത് 82.5 ലക്ഷമായി കുറഞ്ഞെന്നും ഖാലിദ് അബല്‍ഖൈല്‍ കൂട്ടിച്ചേര്‍ത്തു.