ആൾദൈവം രാംപാൽ രണ്ടുകേസുകളിൽ കുറ്റവിമുക്തൻ : ഹരിയാനയിലെ ഹിസാർ മജിസ്ട്രേറ്റ് കോടതിയുടെ വിധി

single-img
29 August 2017

 ഹരിയാനയിലെ ആൾദൈവമായ സന്ത് രാംപാലിനെതിരായ രണ്ടുകേസുകളിൽ ഇദ്ദേഹം കുറ്റവിമുക്തനെന്ന് കോടതി. കൊലപാതകം, കലാപം സൃഷ്ടിക്കൽ, രാജ്യദ്രോഹം എന്നീ കുറ്റകൃത്യങ്ങളുടെ പേരിൽ കഴിഞ്ഞ മൂന്നുകൊല്ലമായി വിചാരണ നേരിടുന്ന സന്ത് രാംപാലിന്റെ കേസുകൾ പരിഗണിക്കുന്ന ഹരിയാനയിലെ ഹിസാർ മജിസ്ട്രേറ്റ് കോടതിയാണു  രണ്ടു കേസുകളിൽ രാംപാൽ നിരപരാധിയാണെന്ന് വിധിച്ചത്.  ആളുകളെ ബന്ദിയാക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർന്ന രണ്ടു കേസുകളിലാണു വിധിപറഞ്ഞതെന്നാണു പ്രാഥമിക വിവരം. മൂന്നു കേസുകളിൽ ഇനിയും വിധിപറയാനുണ്ട്.

കോടതിയിൽ നിന്നും നീതി ലഭിച്ചുവെന്നും രാംപാലിനെതിരായ എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും രാംപാലിന്റെ അഭിഭാഷകൻ എ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

വിവാദ ആൾദൈവം ഗുർമീത് റാം റഹീമിന്റെ കേസിലെ കോടതിവിധിക്കു പിന്നാലെ ഉണ്ടായ സംഘർഷങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിനു മുന്നേയാണു ഇന്നു സന്ത് രാംപാലിന്റെ കേസിൽ വിധി പ്രഖ്യാപിക്കുന്നത്. ഹിസാർ മജിസ്ട്രേറ്റ് കോടതിയിലെ ജസ്റ്റിസ് മുകേഷ് കുമാറിന്റേതാണു വിധി. സുരക്ഷാകാരണങ്ങൾ പരിഗണിച്ച് ജയിലിൽ നേരിട്ടെത്തിയാണു മജിസ്ട്രേറ്റ് വിധിപറഞ്ഞത്.

2006-ൽ ആര്യ സമാജത്തിനെതിരെ സന്ത് രാംപാൽ നടത്തിയ വിമർശനങ്ങൾ രാംപാലിന്റെ അനുയായികളും ആര്യസമാജത്തിന്റെ പ്രവർത്തകരും തമ്മിലുള്ള സംഘർഷങ്ങൾക്കും ഒരാളുടെ മരണത്തിനും കാരണമായി. രോഹ്തക്കിലെ ഒരു ഗ്രാമത്തിലെ ആളുകൾക്ക് നേരേ രാംപാലിന്റെ അനുയായികൾ നടത്തിയ വെടിവെയ്പ്പിലാണു ഒരാൾ കൊല്ലപ്പെട്ടത്.പോലീസ്  രാംപാലിനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ പേരിൽ കൊലപാതകത്തിനു കേസെടുത്ത് വിചാരണ ആരംഭിക്കുകയും ചെയ്തു.

ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ രാംപാൽ, കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് ഇയാൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. പോലീസ് വാറന്റുമായി അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഇയാൾ ഹിസാറിലുള്ള  തന്റെ ‘സത്ലോക്’ ആശ്രമത്തിനുള്ളിൽ ഒളിച്ചിരിക്കുകയും പോലീസിനെ തന്റെ അനുയായികളെ ഉപയോഗിച്ച് നേരിടുകയും ചെയ്തു.

പന്ത്രണ്ട് ഏക്കറിലായി പരന്നുകിടക്കുന്ന ആശ്രമപരിസരത്ത് പതിനായിരക്കണക്കനു അനുയായികളും പോലീസുമായുള്ള ഏറ്റുമുട്ടൽ ഒരാഴ്ച്ചയോളം നീണ്ടുനിന്നു. പോലീസും പാരമിലിട്ടറി സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ആറോളം പേർ കൊല്ലപ്പെടുകയും ചെയ്തു. ആശ്രമം ഒഴിപ്പിച്ചശേഷം നാലു സ്ത്രീകൾ അടക്കമുള്ളവരുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. എന്നാൽ ഇവരാരും വെടിയേറ്റല്ല മരിച്ചതെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

ഒടുവിൽ രാംപാലിനെ അറസ്റ്റ് ചെയ്ത പോലീസ് ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 182 ( സർക്കാർ ജീവനക്കാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ), 332 ( സർക്കാർ ജീവനക്കാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താൻ വേണ്ടി അയാ‍ളെ ദേഹോപദ്രവം ചെയ്യുക), 335 (സർക്കാർ ജീവനക്കാരനെ ഡ്യൂട്ടി ചെയ്യുന്നതിൽ നിന്നും ബലം പ്രയോഗിച്ച് തടയുക) എന്നീ വകുപ്പുകൾ ചേർത്തു കേസെടുത്തു. കൂടാതെ ഫത്തേബാദ് സ്വദേശിയായ സുഖ്ദേവ് സിംഗ് നൽകിയ പരാതിയിൽ രാംപാലിനും നിരവധി അനുയായികൾക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം 147 (കലാപമുണ്ടാക്കൽ), 149 (നിയമവിരുദ്ധമായി കൂട്ടംകൂടൽ),188 ( സർക്കാർ ഉദ്യോഗസ്ഥരുടെ നിയമപരമായ ആജ്ഞലംഘിച്ച് കുഴപ്പമുണ്ടാക്കുക) എന്നീ വകുപ്പുകൾ ചേർത്ത് മറ്റൊരു കേസും നിലവിലുണ്ട്.

രണ്ടു കേസുകളിൽ കുറ്റവിമുക്തനായെങ്കിലും കൊലപാതകമടക്കം നിരവധി കേസുകളിൽ ഇനിയും വിധി പറയാനുള്ളതുകൊണ്ട് ഇയാൾ ജയിൽമോചിതനാകുകയില്ല.

ഹരിയാനയിലെ സോനിപ്പത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച രാംപാൽ ജലസേചന വകുപ്പിൽ എഞ്ചിനീയർ ആയിരുന്നു.പിന്നീട് ജോലിയുപേക്ഷിച്ച് സന്യാസം സ്വീകരിച്ച ഇയാൾ ഹിന്ദി കവിയും സന്ന്യാസിയുമായിരുന്ന കബീറിന്റെ അനുയായി എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.