‘ഖത്തര്‍ പ്രശ്‌നത്തില്‍’ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി രൂക്ഷമായി

single-img
29 August 2017

ദോഹ: ഖത്തര്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത് ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള അഭിപ്രായഭിന്നതകള്‍ വീണ്ടും രൂക്ഷമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നയതന്ത്രബന്ധം പുതുക്കുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥനായ അലി ഹമദ് അല്‍ സുലൈത്തി ഇറാനിലെ പുതിയ ഖത്തര്‍ സ്ഥാനപതിയായി ചുമതലയേറ്റു.

ഇറാനുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസിഡറെ നിയമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനും അറബ് രാജ്യങ്ങളും ബന്ധം വഷളായതിനെ തുടര്‍ന്ന് 2016ന്റെ തുടക്കത്തിലാണ് ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ചത്.

2016 ല്‍ ഇറാനിലെ ഷിയാ നേതാവ് ഷെയ്ഖ് നിംറിനെ സൗദി തൂക്കിലേറ്റിയതോടെയാണ് ഇറാനും സൗദിയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്. ഇതേതുടര്‍ന്ന് ഇറാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ ആക്രമിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സൗദിയും ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റ് അംഗരാജ്യങ്ങളും ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍, വ്യപാര ബന്ധങ്ങള്‍ ഖത്തറും ഇറാനും തുടര്‍ന്നിരുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ചിന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കാന്‍ ഇറാനുമായുള്ള ബന്ധവും ഒരു പ്രധാന കാരണമാണ്. അതേസമയം ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷവും ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളും പുനഃസ്ഥാപിച്ചതും.

എന്നാല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോഴും മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്റെ ഈ സമീപനം യു.എ.ഇ ഉള്‍പ്പെടെയുള്ള സൗദി സഖ്യരാജ്യങ്ങളുടെ വിദ്വേഷത്തിനാക്കം കൂട്ടുന്നതാണ്. ഇതിന്റെ ഭാഗമായി ഖത്തറിനെതിരായ ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത. ഇതിനിടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മധ്യസ്ഥ ശ്രമങ്ങള്‍ക്കായി ഗള്‍ഫ് പര്യടനം ആരംഭിച്ചിട്ടുണ്ട്.