കനത്തമഴയില്‍ മുംബൈ നഗരം മുങ്ങി: റോഡ്, റെയില്‍ വ്യോമഗതാഗതം സ്തംഭിച്ചു

single-img
29 August 2017

കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയംവൈകി. കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്ന ട്രെയിനുകളെയും മഴ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് പോകുന്ന മംഗള എക്‌സ്പ്രസ്(12617) ബോംബെ കല്യാണ്‍ ജങ്ഷനും ഗുസാവല്‍ ജങ്ഷനും ഇടയില്‍ വഴിതിരിച്ചുവിട്ടു. രണ്ടുദിവസംകൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

2005 ജൂലൈയില്‍ ഉണ്ടായ പേമാരിക്കുശേഷം മുംബൈ നഗരത്തിലുണ്ടായ വലിയ മഴദുരിതമാണിത്. നാട്ടുകാരോട് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയജലത്തില്‍ നീന്തരുതെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കണക്കെയുള്ള കാലാവസ്ഥയാണെന്നാണു നഗരവാസികള്‍ പറയുന്നത്. നഗരത്തിലെ റോഡുകളില്‍ വലിയൊരു ഭാഗം വെള്ളത്തില്‍ മുങ്ങിപ്പോയി.

സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനം നടത്താനുമായി ദേശീയ ദുരിത നിവാരണ സേന തയാറെടുത്തുകഴിഞ്ഞ. ആശുപത്രികളിലും വെള്ളം കയറി. കെഇഎം ആശുപത്രിയില്‍ വെള്ളം കയറി പ്രവര്‍ത്തനം തടസ്സപ്പെട്ടു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡുകളില്‍ അനാഥമായി കിടക്കുകയാണ്.

പല വാഹനങ്ങളും ഒഴുകിപ്പോയി. വീടുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നഗരവാസികള്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് മഴ ദുരിതം വിതച്ചത്. എന്ത് ആവശ്യമുണ്ടെങ്കിലും ‘100’ നമ്പര്‍ ഡയല്‍ ചെയ്യണമെന്നു മുംബൈ പൊലീസ് അറിയിച്ചു.