മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുന്നത് വിലക്കിയതെന്തിന്?: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

single-img
29 August 2017

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍എസ്എസ് ആഭിമുഖ്യമുളള മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിവാദമായ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്. മോഹന്‍ ഭാഗവതിനെ കൊണ്ട് പതാക ഉയര്‍ത്തരുതെന്ന് ജില്ലാ കളക്ടര്‍ സ്‌കൂളധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നു. എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാനാദ്ധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

എന്നാല്‍ വിലക്ക് ലംഘിച്ച് അദ്ദേഹം പതാക ഉയര്‍ത്തുകയും ചെയ്തു. പതാക ഉയര്‍ത്തിയതിന് ശേഷം സ്‌കൂളില്‍ വന്ദേമാതരം ചൊല്ലിയതും വിവാദമായി. ഇത് നാഷണല്‍ ഫഌഗ് കോഡിന്റെ ലംഘനമാണ്. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്. വേദിയില്‍ നിന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ മാത്രമാണ് ദേശീയ ഗാനം ആലപിച്ചത്.

സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് വിചിത്രമായ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രസിഡന്റ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.