എംജി യൂണിവേഴ്‌സിറ്റി വിസിക്കും, രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ‘നില്‍പ്പ് ശിക്ഷ’

single-img
29 August 2017

എംജി സര്‍വ്വകലാശാലയിലെ കരാര്‍ അധ്യാപകരുടെ വേതനം സംബന്ധിച്ച 2010 ലെ ഉത്തരവ് നടപ്പാക്കാത്തതിന് സര്‍വ്വകലാശാല വിസിക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതി നടപടി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസിയെ ശാസിച്ചു. വിസി, രജിസ്ട്രാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ എന്നിവര്‍ നാലരയ്ക്കു കോടതി പിരിയുന്നത് വരെ കോടതി മുറിയില്‍ നില്‍ക്കാന്‍ ബെഞ്ച് ഉത്തരവിട്ടു.

കോടതിയലക്ഷ്യക്കേസില്‍ വിളിച്ചുവരുത്തിയാണു നടപടി. 2010ലെ ഉത്തരവു നടപ്പാക്കാത്തത് ഗുരുതരമായ തെറ്റാണെന്നു കോടതി ചൂണ്ടിക്കാട്ടി. എംജി സര്‍വ്വകലാശാലയിലെ കരാര്‍ അധ്യാപകര്‍ക്കും സ്ഥിരാധ്യാപകരുടേതിന് സമാനമായ വേതനവും ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇതുപാലിക്കാന്‍ സര്‍വ്വകലാശാല തയ്യാറായില്ല. കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശവും വിസി ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി അവഗണിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വേതന ഉത്തരവ് നടപ്പിലാക്കത്തതിന്റെ കാരണം ഇന്ന് ഹാജരായി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കാനിരിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂവരും ഇന്ന് കോടതിയില്‍ ഹാജരായത്. കോടതിയില്‍ എത്തിയപ്പോള്‍ ശിക്ഷാ നടപടി എന്ന നിലയില്‍ പതിവ് സിറ്റിംഗ് അവസാനിക്കുന്ന 4.30 വരെ കോടതി മുറിയില്‍ നില്‍ക്കാന്‍ ഉത്തരവിടുകയായിരുന്നു.