ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി: ‘പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കും’

single-img
29 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി. ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജാമ്യം നിഷേധിച്ചിരിക്കുന്നു എന്ന ഒറ്റവാക്ക് മാത്രമാണ് കോടതി കേസ് വിളിച്ച സമയത്ത് പറഞ്ഞത്. അതേസമയം ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്നും വിധിയില്‍ പറയുന്നു.

ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കിയാല്‍ സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം.

യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും സിം കാര്‍ഡും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്ന പള്‍സര്‍ സുനിയുടെ വാദം മുഖവിലയ്‌ക്കെടുക്കാത്ത പൊലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ധാരണയിലെത്തിയിട്ടുണ്ട്. അന്വേഷണവുമായി കേസിലെ മറ്റൊരു പ്രതി അപ്പുണ്ണി സഹകരിക്കുന്നില്ലെന്നും അന്വേഷണം കാര്യമായി പുരോഗമിക്കുകയാണെന്നും അതിനാല്‍ ജാമ്യം നല്‍കേണ്ട യാതൊരു കാരണവും നിലവിലില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാമെന്നും അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന പ്രോസിക്യൂഷന്‍ വാദം ജസ്റ്റിസ് സുനില്‍ തോമസ് അംഗീകരിച്ചു.

പ്രോസിക്യൂഷന്റെ കര്‍ശന നിലപാടും മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങളുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാമതും ജാമ്യം തള്ളാനുള്ള കാരണം. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു, രണ്ട് തവണ ഹൈക്കോടതിയും ജാമ്യം തള്ളി. 51 ദിവസം ഇരുമ്പഴിക്കുള്ളിലായ താരത്തിന് ഇനി ജാമ്യത്തിനായി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിക്കണം.

ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ജൂലൈ 16ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ജാമ്യത്തിനായി സമീപിച്ചു. വിചാരണ കോടതി തള്ളിയതോടെ ജൂലൈ 24ന് ഹൈക്കോടതിയെ ദിലീപ് സമീപിച്ചു. എന്നാല്‍ ക്രൂരമായ സംഭവമാണ് നടന്നതെന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ചൂണ്ടികാട്ടി ഹൈക്കോടതി ജാമ്യം തള്ളി.

ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായിരുന്നു. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി. എന്നാല്‍ വാദത്തിന്റെ സ്ട്രാറ്റജിയിലുണ്ടായ മാറ്റവും നടനെ രക്ഷിക്കാനായില്ല.