ഗുജറാത്ത് കലാപത്തില്‍ തകര്‍ന്ന മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി

single-img
29 August 2017

ന്യൂഡല്‍ഹി: 2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്ന് പൊളിച്ചു നീക്കിയ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ചെലവുവഹിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേടുപാടു സംഭവിച്ച ആരാധനാലയങ്ങള്‍ പുനഃര്‍നിര്‍മിക്കുന്നതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് നിയമപ്രകാരം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസ് പി.സി. പന്തുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും 50,000 രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത് അതിനാല്‍ ഈ തുക തന്നെ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്കും നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2002ല്‍ തകര്‍ന്ന 500ലധികം വരുന്ന ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്പരിഹാരം നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിധി. സ്വാതന്ത്ര്യനന്തര ഇന്ത്യ കണ്ട് ഏറ്റവും വലിയ കലാപമായിരുന്നു ഗോധ്രാ കലാപം. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 800 മുസ്ലീങ്ങളും 250ല്‍ അധികം ഹിന്ദുക്കളുമാണ് 2002ലെ കലാപത്തില്‍ കൊല്ലപ്പെട്ടത്.