ദിലീപിന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനമറിയാം: ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ ഓണമുണ്ണേണ്ടി വരും

single-img
29 August 2017

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടൻ ദിലീപിന് ഇന്ന് നിർണായക ദിനം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി അൻപത് ദിവസം തികയുമ്പോഴാണ് ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നത്.

കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദിലിപീനെ അറസ്റ്റ് ചെയ്തത്. ബലാൽസംഗം, ഗൂഡാലോചന അടക്കം ജീവപരന്ത്യം തടവ് കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയായിരുന്നു ജയിലിലടച്ചത്. മജിസ്ട്രേറ്റ് കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും കടുത്ത വിമർശനങ്ങളോടെ തളളി.ഇതിനുപിന്നാലെയാണ് മൂന്നാമതും ജാമ്യം തേടി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിച്ചത്.

ദിലീപിനായി അഡ്വക്കേറ്റ് ബി രാമന്‍ പിള്ള നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടത്തിയത്. തന്നെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്നും കേസില്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപിന്റെ പ്രധാന വാദം. എന്നാല്‍ ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നാണ് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരുടെ വാദം. ഒട്ടേറെ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ദിലീപിനെ കുറ്റക്കാരനാക്കാനാകില്ലെന്നതാണ് അഭിഭാഷകന്റെ വാദം.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും ദിലീപും പള്‍സര്‍ സുനിയും ഈ ഫോണുപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് ദിലീപിനെതിരെ തിരക്കഥ എഴുതുകയാണ്. എഡിജിപി ബി സന്ധ്യ കേസില്‍ അനാവശ്യമായി ഇടപെട്ടു. ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായി സഹകരിച്ചു, തുടങ്ങീ ഒട്ടേറെ കാര്യങ്ങളാണ് ജാമ്യം ലഭിക്കുന്നതിനായി അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചത്. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വാദത്തെ പൂര്‍ണ്ണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് വിശ്വസിക്കുന്നില്ല. അത് കണ്ടെടുക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കേസില്‍ മുഖ്യ സൂത്രധാരനായ ദിലീപിനെ ജയിലിന് പുറത്ത് വിട്ടാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. സിനിമയുടെ സമസ്ത മേഖലയിലും സ്വാധീനവും രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ബന്ധങ്ങളുമുള്ള ദീലിപിന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കഴിയുമെന്നും പ്രോസക്യൂഷന് വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു. വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.