‘ദിലീപേട്ടാ… കുടുങ്ങി’; പിടിയിലായ ഉടൻ പൾസർ പറഞ്ഞു: ദിലീപിനെ കുടുക്കിയത് സുനിയുടെ ആ വോയിസ് മെസേജ്

single-img
29 August 2017

അറസ്റ്റിലായ ഉടൻ പൾസർ സുനി ദിലീപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയതാണ് താരത്തിന് ഇന്ന് തിരിച്ചടിയായത്. അറസ്റ്റിലായ ഉടൻ പൾസർ സുനി ഒരു പോലീസുകാരന്റെ ഫോണിൽ നിന്നും ദിലീപിനെയും കാവ്യയെയും വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ആലുവ പോലീസ് ക്ലബിൽ ചോദ്യംചെയ്യലിനിടെ ആയിരുന്നു ഇത്.

പോലീസുകാരിലൊരാൾ ഇതിനാവശ്യമായ സഹായം ചെയ്ത് നൽകുകയും ചെയ്തു. ഫോണിൽ നേരിട്ട് ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പൾസർ സുനി ഒരു ശബ്ദ സന്ദേശം ദിലീപിന് അയച്ചു. ‘ദിലീപേട്ടാ കുടുങ്ങി’ എന്നതായിരുന്നു ആ സന്ദേശം.

അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പോലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പോലീസുകാരന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നു. തൃശൂരിലെ ഒരു കോയിന്‍ ബൂത്തില്‍ നിന്ന് പോലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.

അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പോലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു. എന്നാൽ പിന്നീട് അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയസമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ ഈ പോലീസുകാരൻ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയായിരുന്നു എന്നാണ് വിവരങ്ങള്‍.

കാക്കനാട് സബ് ജയിലിൽ വച്ച് പൾസർ തനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന ദിലീപിന്റെ വാദത്തെ പൊളിക്കുന്നതാണ് ഈ നിർണായക തെളിവ്. പോലീസുകാരന്റെ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും പോലീസുകാരന്റെ ഫോണില്‍ നിന്ന് വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് വിലങ്ങുതടിയായി നിന്നതെന്നാണ് വിവരം.

എന്നാൽ തെളിവുകൾ സംബന്ധിച്ച വിവരങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ പ്രോസിക്യൂഷൻ തയാറായില്ല. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മുദ്രവച്ച കവറിൽ സമർപ്പിച്ച് തെളിവുകളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാനും അന്വേഷണസംഘം ശ്രമിച്ചു . പ്രോസിക്യൂഷൻ സമർപ്പിച്ച ഇത്തരം രേഖകൾ വിശദമായി പരിശോധിച്ചാണ് ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി രണ്ടാമതും തള്ളിയത്.