അറബ് മാധ്യമത്തില്‍ തോമസ് ചാണ്ടിക്കെതിരെ വാര്‍ത്ത: ‘കുവൈത്തിലെ പ്രവാസിയായ ഇന്ത്യന്‍മന്ത്രി അഴിമതി ആരോപണ വിധേയന്‍’

single-img
28 August 2017

നിയവിരുദ്ധമായി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഗതാമഗ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തു വരുന്നതിനിടെ മന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വാര്‍ത്തയാക്കി അറബ് മാധ്യമവും. തോമസ് ചാണ്ടിയുടെ പ്രധാന ബിസിനസ് കേന്ദ്രമായ കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള അല്‍ റായ് ദിന പത്രത്തിലാണു മന്ത്രിയുടെ അഴിമതിയാരോപണ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘കുവൈത്തിലെ പ്രവാസിയായ ഇന്ത്യന്‍ മന്ത്രി അഴിമതി ആരോപണ വിധേയന്‍’ എന്ന തലക്കെട്ടോടെയാണു പത്രത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്ത വന്നിരിക്കുന്നത്. അധികാരത്തില്‍ കയറി കേവലം 4 മാസം തികയും മുമ്പാണു മന്ത്രി അഴിമതി ആരോപണ വിധേയനായിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പേരില്‍ അഴിമതി ആരോപണം ഉയരുന്നത് ഇത് ആദ്യമല്ലെന്നും മുമ്പ് കുവൈത്തിലും ഇദ്ദേഹം അഴിമതി നടത്തിയതായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെന്നും പത്രം വ്യക്തമാക്കുന്നു.

കുവൈത്തില്‍ 2 മില്ല്യണ്‍ ദിനാറിന്റെ (44 കോടി രൂപ) തട്ടിപ്പ് കേസില്‍ മുമ്പ് ഇദ്ധേഹത്തെ കുവൈത്ത് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നതായാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. ഒരു ബില്ല്യണ്‍ രൂപ ആസ്ഥിയുള്ള മന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിട്ടും പാര്‍ട്ടിയിലുള്ളവരുടെ പിന്‍ ബലത്തിലാണ് തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.