സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി: ഫീസ് 11 ലക്ഷമാക്കി

single-img
28 August 2017

ദില്ലി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഫീസ് നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ കോളേജുകളിലും 11 ലക്ഷം രൂപ വാങ്ങാമെന്ന് കോടതി വ്യക്തമാക്കി.

ഇതില്‍ അഞ്ച് ലക്ഷം പണമായും ആറു ലക്ഷം രൂപ പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ ബാങ്ക് ഗ്യാരന്റിയായും നല്‍കണം.
5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ബോണ്ട് നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ പുനപ്പരിശോധന അപേക്ഷയും സുപ്രീംകോടതി തള്ളി. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകള്‍ക്കും വിധി ബാധകമാണ്.

സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച രാജേന്ദ്ര ബാബു കമ്മിഷന്‍ അഞ്ച് ലക്ഷം രൂപയാണ് ഫീസാണ് നിശ്ചയിച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ മുഴുവൻ വാദങ്ങളും കോടതി തള്ളുകയായിരുന്നു. അലോട്ട്മെന്‍റ് പൂർത്തിയായെന്ന് അറ്റോർണി ജനറൽ കെ.കെ.വോണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.