സൗദിയില്‍ തൊഴില്‍ നിയമ ലംഘനം നടത്തിയതിന് ഈടാക്കിയത് 10.4 കോടി റിയാല്‍ പിഴ

single-img
28 August 2017

റിയാദ്: കഴിഞ്ഞ നാല് വര്‍ഷത്തോളമായി സൗദിയില്‍ തൊഴില്‍ നിയമ ലംഘനം നടത്തിയതിന് 10.4 കോടി റിയാല്‍ പിഴ ചുമത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണം നടപ്പിലാക്കാതിരിക്കുക, വ്യാജ സ്വദേശിവല്‍ക്കരണം നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയതെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്ക് സംവരണം ചെയ്ത തൊഴിലുകളില്‍ വിദേശികളെ നിയമിക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചതിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

2015 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പിഴയില്‍ അഞ്ച് ശതമാനം കുറവുണ്ട്. 2016 ല്‍ 34.3 ദശലക്ഷം റിയാലും 2015 ല്‍ 35.9 ദശലക്ഷവുമാണ് പിഴ ഈടാക്കിയത്. 35 ശതമാനം നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തത് റിയാദ്, മക്ക പ്രവിശ്യകളിലാണ്. അടുത്തിടെ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ തൊഴില്‍, സാമൂഹിക വിസനകാര്യ മന്ത്രാലയം വര്‍ധിപ്പിച്ചിരുന്നു.

അതേസമയം സ്വദേശികള്‍ക്ക് നിയമനം നല്‍കിയതായി വ്യാജ രേഖ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ 25,000 റിയാല്‍ പിഴ അടക്കണമെന്നും സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ഓരോ വിദേശ തൊഴിലാളിക്കും 20,000 റിയാല്‍ വീതം തൊഴിലുടമ പിഴ അടക്കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.