ഒടിയന്റെ ഷൂട്ടിങ് ആരംഭിച്ചു

single-img
28 August 2017

മലയാളത്തില്‍ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കുന്ന ഒടിയന്റെ ഷൂട്ടിങ് കാശിയിലും ബനാറസിലുമായി ആരംഭിച്ചു. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍ ഇന്ന് ജോയിന്‍ ചെയ്തു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന ഒടിയന്റെ ചിലവ് 45 കോടിയിലേറെ രൂപയാണ്. വിഷ്വല്‍ ഇഫക്റ്റ്‌സിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒടിയന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് അറിയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയനില്‍ മഞ്ജു വാര്യരാണ് നായിക.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോ ചെയ്യുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പണ്ടുകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെ വശമുള്ള ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളും ഏറെ സവിശേഷമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗത്തില്‍ ഓടാനും മൃഗരൂപത്തിലേക്ക് മാറാനും നാലാള്‍പൊക്കത്തില്‍ ചാടാനും കഴിയുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യം.

പ്രകാശ് രാജ് ശക്തമായ പ്രതിനായക വേഷത്തിലെത്തുന്നു എന്നതും ഒടിയന്റെ സവിശേഷതയാണ്. അതിര്‍ത്തി ഗ്രാമമായ തേങ്കുറിശ്ശിയിലാണ് ഒടിയന്റെ കഥ നടക്കുന്നത്. പാലക്കാട് തേങ്കുറശ്ശിയുടെ കൂറ്റന്‍ സെറ്റാണ് കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 30 ന് ഒടിയന്‍ തിയേറ്ററുകളിലെത്തുമെന്നാണ്പ്രതീക്ഷ.